കൽവരിക്കെട്ടുകൾ
കൽവരിക്കെട്ടുകളിൽ
അടർന്നുവീണ
കല്ലുകൾക്കിടയിലെ വിടവിലൂടെ
കാണുന്ന ആകാശത്തിന്റെ
ഒരു ചെറിയ ചെപ്പിലൊളിച്ച
മഴയെതേടി
ആറ്റുവക്കിലിരുന്നൊരുനാൾ
ബാല്യമെഴുതിയ
അക്ഷരത്തെറ്റുകളുടെ
ഓർമ പോലെ വളരുന്ന
പുൽനാമ്പുകൾക്കരികിൽ വിടർന്ന
നാലുമണിപ്പൂവുകൾ സന്ധ്യയെ
കാത്തിരിക്കുമ്പോൾ
മഴക്കാർ മൂടിയ ആകാശത്തിൽ
സന്ധ്യ മെല്ലെ മിഴിതുറന്നു
കൽവരിക്കെട്ടുകളിൽ
തട്ടിയുടഞ്ഞ വാക്കുകളുടെ
മൗനം തേടി പർവതശിഖരങ്ങൾ
കൽശിലകളിൽ കറുത്തലിപികളിൽ
ഒരു യുഗത്തിനെ കോലങ്ങളിലാക്കി
ഭൂമിയുടെ നിറുകയിലിട്ട്
ഒന്നുമറിയാത്തപോൽ
മിഴിപൂട്ടിയിരുന്നു.
മഴയിലൂടെ നടന്നുവന്ന സന്ധ്യയുടെ
ഓട്ടുവിളക്കിലെ പ്രകാശത്തിൽ
തട്ടിയുടഞ്ഞ വാക്കുകളിലുണർന്ന
നക്ഷത്രമിഴിയുള്ള സ്വപ്നങ്ങളെ
ഒരു ചെറിയ ചിമിഴിലാക്കി
ഭൂമി കൽവരിക്കെട്ടിലിരുന്നു..
No comments:
Post a Comment