Thursday, September 23, 2010

ശരത്ക്കാലം

ശരത്ക്കാലത്തിൽ പൊഴിയുന്ന
ഇലകളെ  ചായം തേച്ച്
പ്രദർശനവിപണയിൽ
പ്രകീർത്തനങ്ങളുടെ
ശിലാഫലകമണിയിച്ച്
മോടിപിടിപ്പിക്കില്ല ഭൂമി
അതിനെ ഭൂമി ഹൃദയത്തിൽ,
മണ്ണിൽ അലിയിക്കും
അതങ്ങനെ ഭൂമിയോട് ചേരും
മഞ്ഞുറയുന്ന ശൈത്യത്തിൽ
ഭൂമിയതിനെ മാറോടു ചേർത്തുവയ്ക്കും
വേനലിൽ ഭൂഗർഭത്തിലെ
അഗ്നിയാവുമത്
മഴക്കാലങ്ങളിൽ
മഴതുള്ളികളിലലിഞ്ഞ്
ആ ഇലകളിലൂടെ വസന്തത്തിൽ
പുനർജനിക്കും
അക്ഷരസ്പർശം തേടുന്ന
ഒരു പൂക്കാലം.
ആ പൂക്കാലത്തിന്റെ
പൂവുകളിൽ
ഭൂമിയുടെയരികിൽ
തൂവൽസ്പർശം പോലെ
ഒരു വാക്കായി മാറും
ശരത്ക്കാലത്തിൽ പൊഴിഞ്ഞു വീണ
ആ ഇല.....

No comments:

Post a Comment