Saturday, September 11, 2010

കടൽ

ഒരുനാൾ
നിലവറയടച്ചു തഴുതിട്ട്
വിളക്കും കെടുത്തി വാക്കുകളെ
കൽപ്പെട്ടിയിലൊതുക്കി
ഉൾക്കടലിലേയ്ക്കൊരു
യാത്രപോകാനൊരുങ്ങി ഭൂമി
അന്ന് തൂക്കുവിളക്കുകളിൽ
വർണ്ണാഭമായ ചുറ്റുമതിലുകളിൽ
വാതിൽപ്പടിയിൽ
സമരകോലാഹലങ്ങളായിരുന്നു
വാതിൽ തഴുതിടാനാവാതെ
നിലവറകളടക്കാനാവാതെ
ഭൂമിയുഴലുമ്പോൾ
വാക്കുകൾ കൽപ്പെട്ടിയിലെ
അസ്വാതന്ത്ര്യചങ്ങലകൾ
ഒന്നൊന്നായി മാറ്റി
പുറത്തേയ്ക്കൊഴുകി
കടലിന്റെയുള്ളിലൊഴുകിയ
കടൽ പോലെ
പിന്നെയാ വാക്കുകളെ
കൽപ്പെട്ടിയിലെ മൗനത്തിലേയ്ക്ക്
തിരികെയയ്ക്കാൻ ഭൂമിക്കായില്ല...

No comments:

Post a Comment