Thursday, September 2, 2010

മഴതുള്ളികൾ

ധ്യാനമണ്ഡപത്തിനരികിൽ
താളിയോലകളിൽ
നാരായത്തിലെഴുതിയ

നാമമന്ത്രങ്ങൾ ജപിച്ചു നിന്ന
പഴയ നാലുകെട്ടിലെ
നടുമുറ്റത്ത് പെയ്തൊഴുകിയ
മഴയെന്റെ മൗനത്തിൽ
വാക്കായുണർന്നു
ഹൃദ്സ്പന്ദനതാളമായ്
മഴയുണർന്നു വന്നപ്പോൾ
താമരയിലകളിൽ
വിണു നിറഞ്ഞ മഴ
മുത്തുമണികൾ പോലെ തിളങ്ങി
വയലിലും വരമ്പിലും
തുള്ളിതുള്ളിയെന്റെ മനസ്സിലും
വന്നു വീണു മഴതുള്ളികൾ
മനസ്സിൽ വീണ മഴയവിടെ
ഹിമകണം പോലെയുറഞ്ഞു
തീയാളിയ വേനൽക്കനൽ
മഴതുമ്പിലുലഞ്ഞു
നനുത്ത മഞ്ഞുതുള്ളിയായി
രുദ്രാക്ഷമെണ്ണിയിരുന്ന
ശിവക്ഷേത്രനടയിലൂടെയൊഴുകിയ
മഴതുള്ളികൾ കൃഷ്ണശിലയിലെ
ഓടക്കുഴലിനുള്ളിൽ
ഒരു സ്വരമായി മാഞ്ഞു.....

No comments:

Post a Comment