Thursday, September 9, 2010

 മഴ

നിറഞ്ഞൊഴുകിയ ആറ്റിനരികിൽ
പടർന്നാകാശത്തേയ്ക്കുയർന്ന
മന്ദാരപൂമരത്തിനിലപൊഴിഞ്ഞ
ശിഖരങ്ങളിലൂടെ ഭൂമിയിലേയ്ക്ക്
വെള്ളിനൂലുകൾ പോലെയൊഴുകി
മഴ.
മഞ്ഞുപോലെ നനുത്ത
പ്രഭാതത്തിന്റെ
ജാലകവിരികൾക്കിടയിലൂടെ
ആറ്റിൽ വഞ്ചി തുഴഞ്ഞു
കായലിലേയ്ക്കൊഴുകിയ
മന്ദാരപ്പൂവിതളുകൾക്കുള്ളിൽ
വെള്ളാരംകല്ലുപോൽ മിന്നിയാടി
മഴ.
ആറ്റിനരികിലെ
കൽപ്പടിയിലിരുന്ന്
മൺകുടങ്ങളിൽ മഴതുള്ളികൾ
നിറക്കുന്ന ഗ്രാമത്തിനരികിൽ
മഴവിൽപ്പൂക്കൾ വിടരുന്ന
ആകാശമേലാപ്പിലൂടെ
ഒഴുകി നീങ്ങിയ മനസ്സിലെ
കിളിക്കൂടിനുള്ളിനുള്ളിലുറങ്ങിയ
ഒരു നുറുങ്ങുഭൂമിയിലേയ്ക്കൊഴുകി
മഴ...
പെയ്തുതീരാത്ത മഴ
ആമ്പൽപ്പൂക്കുളങ്ങളിൽ
മുങ്ങിയുണർന്നാറും
കടന്നൊഴുകിയ മഴ.......

No comments:

Post a Comment