Monday, September 6, 2010

മഴതുള്ളികൾ

ചായങ്ങളെല്ലാം മഴയിലൊഴുകി
മാഞ്ഞപ്പോൾ
ഗ്രാമം പഴമയുടെ കൽപ്പടികളിലിരുന്ന്
ലോകഭൂപടം നിവർത്തി
സാമ്രാജ്യങ്ങളിലൂടെയൊഴുകിയ കടലിനും
ഗ്രാമാതിർത്തിയിലുണർന്ന ചക്രവാളത്തിനും
മാറ്റങ്ങൾ കാണാതെയത്ഭുതപ്പെട്ടിരിക്കുമ്പോൾ
മുത്തുകൾ പോലെ മഴതുള്ളികൾ
വീണ മുറ്റത്ത് നാൽക്കിലയിൽ
നിവേദ്യവുമായ് വന്ന രാത്രിശീവേലിമഴ
തീർഥക്കുളത്തിൽ മുങ്ങി
അരികിലിരുന്നു മെല്ലെ പറഞ്ഞു
അയൽരാജ്യങ്ങളുണർത്തുന്ന
അസ്വാസ്ഥ്യങ്ങളുടെ മാറാലകൾ മാറ്റി
താഴ്വാരങ്ങളുണർത്തുന്ന
സങ്കീർത്തനങ്ങളിലേയ്ക്ക്
മഴതുള്ളികളോടൊപ്പം
നമുക്ക് മെല്ലെ നടന്നു നീങ്ങാം

No comments:

Post a Comment