പാരിജാതപ്പൂവുകൾ
വീണുടഞ്ഞ മേഘപാളികളിൽ
ഘനീഭവിച്ച മൗനത്തിനരികിലൂടെ
കടലിലേയ്ക്ക് പെയ്തു മഴ
മഞ്ഞുതൂവിയ ഹിമാലയം
ധ്യാനത്തിലാണ്ട മുനികളണിഞ്ഞ
രുദ്രാക്ഷങ്ങളിൽ ശിവമിഴിയിലെ
അശ്രുനീർതുള്ളി പോലെ
മഴയൊഴുകുന്നതു കണ്ടുനിന്നു
മഴയിലൂടെ നടന്ന ഭൂമിയെന്റെ
മനസ്സിലൊരു ജപമാലയായ് തിരിഞ്ഞു
അച്ചുതണ്ടിന്റെ ചെരിവിൽ
തിരിയുന്ന ഒരു ഗോളമായ്
ആകാശനിഗൂഢതയിലൊഴുകുന്ന
ഒരു പ്രകാശരേഖയിൽ
സ്വപ്നാടനത്തിലാണ്ട മനസ്സിലുണർന്നു
പാരിജാതപ്പൂവുകൾ
കല്പകവൃക്ഷത്തണലിൽ
നിന്നുമെത്തിയ കാറ്റിന്റെ കവിതയിൽ
കൽഹാരങ്ങൾ വിടർന്നു
പുലർകാലമെഴുതിയ
പ്രഭാതരാഗങ്ങളുടെ ആദ്യശ്രുതിയുടെ
സ്പന്ദനങ്ങളിൽ കടലുണർന്നു
ഉണർന്ന കടലിനരികിൽ
ഭൂമിയോടൊപ്പം ഞാനുമിരുന്നു...
No comments:
Post a Comment