പ്രണാമം
എഴുതൂ മഹാകവേ! ഇനിയുമെഴുതുക
നിലാവിൻ ഗീതങ്ങളിൽ സാഗരമൊഴുകട്ടെ
എഴുതൂ വീണ്ടും ഭൂമി മൃതിയിൽ നിന്നും
പുനർ ജനിമന്ത്രങ്ങൾ തേടിയീമണ്ണിലുണരട്ടെ
എഴുതി നിറയ്ക്കുക
ലോകഭൂപടത്തിലായൊഴുകും
സമുദ്രങ്ങൾ ശ്രുതി ചേർക്കട്ടെ
വീണ്ടുമക്ഷരമുണരട്ടെ വന്യമാല്യത്തിൽ
ഗ്രീഷ്മചെപ്പിൽ നിന്നുയരട്ടെ
ആഗ്നേയ ശലഭങ്ങൾ
മധുരത്തേൻ പോലുപ്പിലലിഞ്ഞു
നിറയട്ടെ മധുരസ്നേഹം
ശ്യാമവനിയിൽ, ഘനശ്യാമശിലയിൽ
കൃഷ്ണപ്രേമസാഗരമൊഴുകട്ടെ
യമുനയൊഴുകട്ടെ
യമുനാപുളിനത്തിലശ്രുനീർതൂവി
ശ്യാമശിലയിൽ കറുത്തൊരു
താജ്മഹലുയരട്ടെ
കദനം പൂക്കും വൃക്ഷശിഖരങ്ങളിൽ
നേർത്ത നിലാവിൻ തീരങ്ങളിൽ
വസന്തമുറയട്ടെ
കടലൊന്നേയുള്ളത്
സ്നേഹമാം കടൽ
പലേയിടങ്ങൾ സൂക്ഷിക്കുന്ന
ജലപാത്രങ്ങൾ, ഭിന്നരൂപങ്ങൾ
മിഴികളിലൊതുക്കാനാവാത്തൊരു
കടലാക്കടലിനെ കൈകളിൽ ചേർക്കൂ
ജലതരംഗങ്ങളിൽ നിന്നു ഭൂപത്മമുണരട്ടെ
എഴതൂ വീണ്ടും വീണ്ടും
സ്നേഹിച്ചു തീരാത്തവരിടചേർന്നൊഴുകുമീ
സായാഹ്നതീരങ്ങളിൽ
സന്ധ്യയിൽ മഴയുടെ കാതരമിഴികളിൽ
ചന്ദനസുഗന്ധത്തിൽ
വിരൽചേർത്തെഴുതുക
പ്രപഞ്ചം പ്രണവമായൊഴുകും ശംഖിൽ
തീർഥജലം പോലൊഴുകുമാമനസ്സിൽ
സുമേരുവിൽ രത്നസാനുവിൽ
ഭൂമി നടന്നങ്ങെത്തും നൈശ്രേയസത്തിൽ
നിന്നു വീണ്ടുമെഴുതൂ
മഹാജ്ഞാനപ്രണവ പ്രവാഹമേ
എഴുതൂ വീണ്ടും വിണ്ടും
മൃതിയിൽ നിന്നും പുനർജനി
മന്ത്രങ്ങൾ തേടിയീഭൂമിയുണരട്ടെ....
(Ref: ഒ എൻ വി കൃതികൾ: നിലാവിന്റെ ഗീതം,അക്ഷരം,
അഗ്നിശലഭങ്ങൾ, ഉപ്പ്,സ്നേഹിച്ചു തീരാത്തവർ,
ഭൂമിയ്ക്കൊരു ചരമഗീതം, ഒരേ കടൽ, കൃഷ്ണവർണ്ണം,ആഗ്ര)
No comments:
Post a Comment