Wednesday, September 1, 2010

ഭൂമിഗീതം

തുളസിപ്പൂവിന്റെ ദളങ്ങളിൽ
കറുപ്പുപടർത്തി
പാലക്കാടൻ ചുരങ്ങളിലൂടെ
നടന്നു നീങ്ങിയ നിന്റെയാളുകൾ
ഭൂമിയുടെമേൽ
ചുറ്റിക കൊണ്ടാഞ്ഞടിച്ചു
സഹിക്കാനാവുന്നതിനപ്പുറവും
സഹിച്ച ഭൂമിയാണിത്
നീയുർത്തിയ ചുറ്റികകൾ
പലയളവിൽ പല രൂപത്തിലുള്ളവ
എത്രയോ ദിനങ്ങളിൽ
ഭൂമിയുടെ ഹൃദയം മുറിവേൽപ്പിച്ചു
കളിമണ്ണിലുരുക്കിയ
ശിരസ്സിൽ നാണയങ്ങളുടെ
ശബ്ദത്തിനുപുറകെ
ചായം തേച്ചു വികൃതമായ
പുതിയ വാതിലിലൂടെ
നീ നടന്നു നീങ്ങുമ്പോഴും
ചുറ്റികയിൽ ഭൂമിയുടെ ശിരസ്സായിരുന്നു
നിന്റെ ഒരേയൊരു ലക്ഷ്യം
വാനമ്പാടിയുടെ പാട്ടിൽപോലും
നീ അപസ്വരങ്ങളെഴുതി
വൃക്ഷശാഖകളിൽ ചകോരങ്ങൾക്ക്
പകരം കറുത്ത പക്ഷികളെ കുടിയേറ്റി
പരിവർത്തനങ്ങളുടെ തൂലികയിൽ
നീ നിന്റെ മനസ്സാക്ഷിയുടെ
വാതിലുകളുടച്ചു
തുളസിപ്പൂവിന്റെ ദളങ്ങളിലും
കറുപ്പു പടർത്താനാവുന്ന നിന്റെ
മനസ്സിനെ നീ ചുറ്റികത്തുമ്പിൽ
സൂക്ഷിക്കുക
നിന്റെ സ്തുതിപാഠകരുടെ ലോകം
പണിയുന്ന ചുറ്റികതുമ്പുകൾ
എന്റെ ചെറിയ ഭൂമിയുടെ
വാതിലുകളിൽ
ശബ്ദഘോഷങ്ങളുയർത്തുന്നു
മനസ്സാക്ഷിയുടെ വാതിലടച്ചിരുന്നു
നീ പുതിയ ചുറ്റികകൾ പണിയുക
പരിവർത്തനങ്ങളുടെ നദിയൊഴുകട്ടെ
ഭൂമി ഉൾക്കടലിന്റെ
നിശബ്ദതയാവട്ടെ.....

No comments:

Post a Comment