Thursday, September 9, 2010

ഹൃദ്സ്പന്ദനങ്ങൾ

ഒരിയ്ക്കൽ ഘനശ്യാമവർണമാർന്ന
കൃഷ്ണശിലയിലെ അകിൽക്കൂട്ടിന്റെ
സുഗന്ധത്തിൽ
താഴ്വാരങ്ങളിലൂടെ നടക്കുമ്പോൾ
വാക്കിന്റെയുള്ളിലെ വാക്കിൽ
അഗ്നിശിലകളുണ്ടായിരുന്നില്ല
ഇരുൾപൂണ്ടയാമങ്ങളിൽ
അമാവാസി കരിമഷിയെഴുതിയ
ഒരിടവേളയിലുണർന്ന
പകലിനും മനസ്സിൽ കറുപ്പായിരുന്നു.
ഉറങ്ങിയെണീറ്റ ഭൂമിയുടെ
മുടിച്ചാർത്തിൽ നിന്നിറ്റുവീണ
മഴതുള്ളിയിൽ നിന്നുണർന്ന
പ്രഭാതത്തിൽ
ഗോരോചനം തൊട്ടുണർന്ന
ചക്രവാളത്തിന്റെ
അന്തരഗാന്ധാരത്തിലുണർന്ന
മോഹനരാഗമായ്
ഓടക്കുഴലുണരുമ്പോൾ
കരിമഷിയെഴുതിയ
രാവിനും പ്രകാശവുമായ് വന്ന
പകലിനുമിടയിൽ
അക്ഷരങ്ങൾ അകിൽക്കൂട്ടിന്റെ
സുഗന്ധമോലുന്ന വാക്കുകൾ
തേടി താഴ്വാരങ്ങളിലൂടെ നടന്നു..

No comments:

Post a Comment