Saturday, September 18, 2010

സ്വരം

ചക്രവാളത്തിനെ തൊട്ടുണർത്തിയ
കടലിനരികിൽ നീയുണർത്തിയ
മേഘഗർജ്ജനങ്ങളുടെ
അപസ്വരതാളത്തിനരികിൽ
എന്റെ മൃദംഗം സ്വരതാളമിടാൻ
വളരെയേറെ ശ്രമിച്ചു
പക്ഷെ നിനക്ക് പ്രിയം
അപസ്വരങ്ങൾ
നിന്റെ സ്തുതിപാലകർക്കും
ഗോപുരദ്വാരത്തിൽ
മഷിതുള്ളികളുമായ് നിൽക്കുന്ന
ദ്വാരപാലകർക്കും പ്രിയമത്
അത് കേട്ട് അപസ്വരങ്ങളുടെ
ആസ്ഥാനഗായകാ
നീയെന്തിനിങ്ങനെ
കോപിക്കുന്നു.
നിനക്കായ് അപസ്വരങ്ങളുടെ
ഒരു പ്രബന്ധം ഞാനെഴുതിയുണ്ടാക്കാം
ഒരു സമർപ്പണം
സന്തോഷിക്കുക
മഷിതുള്ളികളുടെ സ്ഥായീ ഭാവം
അതങ്ങനെ പ്രപഞ്ചാഘോഷമാവട്ടെ
ഗോപുരമുകളിലിരിക്കുമ്പോഴും
സ്വരസ്ഥാനം മാറിയ
രാഗഭാവം മാറിയ
അടിസ്ഥാനഭാവങ്ങൾ മാറിയ
ലയവും താളവും മാഞ്ഞ
മേഘഗർജ്ജനങ്ങളിലുണരുക നീ...

No comments:

Post a Comment