മഴക്കാലം
എവിടെയോ മറന്നിട്ട
കുറെ വാക്കുകൾ ഇന്നെന്നെ
തേടി വന്നു
മൗനം മറന്ന വാക്കുകൾ
കിളിക്കൂടിൽ നിന്നാകാശത്തേയ്ക്ക്
ചിറകും നീർത്തിയൊരിക്കൽ
പറന്നുപോയവർ
അവയെല്ലാം ഒന്നായി
ഇന്നെന്നെതേടി വന്നു
തുറന്നിട്ട ജാലകവാതിലിലൂടെ,
മനസ്സിലൂടെ
മെല്ലെ വിരൽതുമ്പിലുരുമ്മിയവർ
മഴ വീഴുന്നതും കണ്ടിരുന്നവർ
കടലിലൂടെ നടന്നവർ
കടൽചിപ്പിയിൽ
കടൽ പാടുന്നതും കേട്ടിരുന്നവർ
കണ്ണീർത്തുള്ളികൾ മായിച്ചവർ
കുഞ്ഞാറ്റക്കിളികളെ തേടിയവർ
കുയിൽ പാടുന്നതും കേട്ടിരുന്നവർ
നക്ഷത്രമിഴിയിൽ സ്വപ്നവിളക്ക്
തെളിച്ചവർ
സോപാനത്തിലഷ്ടപദിയായുണർന്നവർ
കളിവിളക്കിനരികിൽ
കഥകളി കണ്ടവർ
പുലർകാലത്തിലീറൻ മുടിയിൽ
തുളസിക്കതിർ ചൂടിയോർ
ആറ്റിറമ്പിലിരുന്നാമ്പൽപൂമാല
കൊരുത്തവർ
ഓട്ടുവിളക്കിനരികിൽ
സന്ധ്യയെയുണർത്തിയോർ
വാക്കുകൾ......
അവരെല്ലാം
ഇന്നെന്നെതേടി വന്നു
ഈ മഴക്കാലസായാഹ്നത്തിൽ....
No comments:
Post a Comment