Wednesday, September 8, 2010

കടൽ

മനസ്സിൽ പെയ്ത
അഗ്നിമഴയിൽ
ഭൂമി മഴക്കാലമായുണർന്നപ്പോൾ 
മാഞ്ഞുപോയി അഗ്നി, ഒരു യുഗം,
ഓർമപ്പാടുകൾ.
മഷിതുള്ളികളെഴുതിയെഴുതി
വികലമാക്കിയ ആകാശനീലിമ
വിനിമയഭിത്തികളിൽ
വീണുടഞ്ഞ
കാലത്തിന്റെ നിമിഷസൂചികൾ
ഇരുമിഴികൾക്കിടയിലൂടെ
ഓടിമറയുന്ന ദിനരാത്രങ്ങൾ
പൂമരങ്ങൾക്കിടയിലെ
വീണുപോകുന്ന പൂക്കളിലൂടെ
നടന്നു പോകുന്ന ദയയില്ലാത്ത
ലോകം
എല്ലാമറിയുന്ന എല്ല്ലാമൊതുക്കുന്ന
ഭൂമിയുടെ ഉള്ളറകൾ
ജാലകങ്ങൾ തുറന്നിടുമ്പോൾ
കടലിരമ്പുന്നു മുന്നിൽ
മഴയിലൂടെ ജാലകവാതിലിലൂടെ
അരികിലേയ്ക്ക് വരുന്ന കടൽ.

No comments:

Post a Comment