നിഴൽപ്പാടുകൾ
തണൽമരങ്ങൾക്കരികിലെ
നിഴലുകൾ മായ്ച്ച
മഴയിലൂടെയൊഴുകുന്ന ഭൂമീ...
നിഴൽപ്പാടുകൾ
രഹസ്യമായി സൂക്ഷിക്കുന്ന
സൂര്യഹൃദയത്തെ നീയറിയുക
നിന്റെ യാത്രാപഥങ്ങളിൽ
നിഴൽ പടർത്താൻ
നിന്റെ മഴക്കാലങ്ങളിൽ,
മഴതുള്ളിയിലുണരുന്ന
പളുങ്കുപോലുള്ള വാക്കുകളുടയ്ക്കാൻ
ഇന്നും പുറകിലുണ്ടാസൂര്യരഥം.
നീ നടന്ന വഴികളിലെ
മുൾവേലികളിൽ വീണു തകരാതെ
നീ സൂക്ഷിച്ച നിന്റെ മനസ്സ്
അതിന്റെയതിരുകളിൽ
ഒളിയമ്പെയ്യുന്ന സൂര്യനെ
നീ കാണുന്നുവോ?
വിലയിട്ടെടുത്ത
ആവനാഴികളിലൂടെയുയരുന്ന
ശരങ്ങളുമായ്
പുതിയ മുഖപടത്തിലുണരുന്ന
സൂര്യനെ നീയറിയുക .
ശരത്ക്കാലത്തിലെ ഭൂമീ
നിന്റെ വഴികളിൽ
നിന്റെ യാത്രാപഥങ്ങളിൽ
ആയിരമായിരം
പൊയ്മുഖങ്ങളുമായ്
അവനിനിയും വരും
സൂര്യൻ....
No comments:
Post a Comment