ചരിത്രം
ചരിത്രത്തിലെഴുതി
സൂക്ഷിക്കാൻ
ഇനിയുമധികമുണ്ട്
ഫലകങ്ങളിൽ സൂക്ഷിച്ചു
സൂക്ഷിച്ചു വയ്ക്കാൻ
ഒരുപാടൊരുപാട് കാര്യങ്ങൾ
കടലൊഴുകുന്നതും,
കാർമേഘങ്ങളൊഴുകുന്നതും
വിഭജനരേഖകളുടെ
അതിർവരമ്പുകളിലിരുന്ന്
കാലം ഘടികാരസൂചികളിലും,
പുഴ ചുറ്റുവലയങ്ങളിലും
നെയ്ത്തുനൂലുകളിൽ
നെയ്യുന്ന നേരിയ വലകളിൽ
ഭൂമിയുടെ ചരിത്രമെഴുതാൻ
എത്രയോ കോടികളുടെ
മഷിപ്പാടുകൾ
വേലികളിൽ നിൽക്കുന്ന
മുൾപ്പാടുകളിലൂടെ
ഭൂമി നടന്നു നീങ്ങുമ്പോൾ
പുഴയുടെ ചരിത്രതാളുകളിൽ
കാലം എഴുതിയിട്ട ഫലകം
അതിലെന്തിങ്ങനെ
കറുപ്പു നിറയുന്നു
മഴ പെയ്തൊഴിയുന്ന
മഴക്കാലങ്ങളിൽ
പുഴയെന്തിങ്ങിനെ
മഷിപ്പാടുകളുടെ
കറുപ്പായൊഴുകുന്നു.....
No comments:
Post a Comment