Wednesday, September 22, 2010

ചിത്രശലഭങ്ങൾ


കടലിന്റെ
തീരമണൽപ്പരപ്പിൽ
ശരത്ക്കാലനിലാവിലുണർന്ന
ചില്ലുകൂടുകളിൽ മിന്നിയ
കാവ്യഭാവമാർന്ന
ഭൂമിയുടെ സ്വപ്നങ്ങളുടച്ച പുഴയുടെ
ശിരസ്സിൽ കുരുങ്ങിയ
ചുഴിപ്പാടുകളിൽ നിന്നു
രക്ഷപ്പെട്ട സ്വർണ്ണവർണമാർന്ന
സ്വപ്നപൂവുകൾ
മഴക്കാലരാവും കടന്ന്
മഴത്തുള്ളികളുടെ
സൗമ്യ സ്പർശത്തിൽ
വീണ്ടുമുണർന്ന പുലർകാലങ്ങളിൽ
പുഴയൊഴുകിയ വഴികൾ
മറന്ന കടലായി മാറി ഭൂമി
ആ ഭൂമിയുടെയരികിൽ
ചിത്രശലഭങ്ങൾ
ഭൂമിയ്ക്കായ് അരളിപൂമരങ്ങളിൽ
പുതിയ സ്വപ്നങ്ങൾ നെയ്തു
ആ ചിത്രശലഭങ്ങളുടെ ചിറകുകളിൽ
പ്രകൃതിയുടെ നിറങ്ങളായിരുന്നു
ചായക്കൂട്ടുകൾ കോരിയൊഴിച്ചു
വികൃതമായ ഒരു തിരശ്ശീലക്കരികിലെ
അസ്വഭാവികതക്കപ്പുറം
ഓട്ടുവിളക്കിലെ തിരിവെളിച്ചത്തിൽ
ഭൂമി അശോകപൂക്കളുടെ അകൃത്രിമമായ
സായന്തനവർണ്ണമെഴുതി.......

No comments:

Post a Comment