Wednesday, September 1, 2010

സ്വർഗവാതിൽ

ചുറ്റുമുള്ള വാതിലുകളെല്ലാം
അടയുമ്പോൾ
ഒരു വാതിൽ തുറന്നു വരും
അതിലൂടെയാണു ദൈവം വരിക
അന്നെന്റെ മുന്നിൽ ദൈവം വന്നപ്പോൾ
ആൾക്കൂട്ടം ഭൂമിയുടെ വാതിലുകൾ
തല്ലിയുടക്കുകയായരുന്നു.
ദൈവമെന്നോട് ചോദിച്ചു
നീ ഹിന്ദുവോ, മുസൽമാനോ,
ക്രിസ്ത്യനോ, ജൂതനോ,
യഹൂദനോ,ബുദ്ധനോ, ജൈനനോ?
ഞാൻ മനുഷ്യനാണെന്ന്
പറഞ്ഞതു കേട്ട് ദൈവം ചിരിച്ചു
ഭൂമിയിൽ മനുഷ്യൻ ജീവിച്ചിരിക്കുന്നുവോ
അവിടെ മനുഷ്യൻ മനുഷ്യനെ
ഓരോ വിഭജനരേഖയിലളന്ന്
വിലയിടുമ്പോൾ
മനുഷ്യനെന്ന വിഭാഗത്തിനായ്
ജീവവായുവിനേതു ഗ്രഹം?
ദൈവമെന്റെ ശിരസ്സിൽ
കൈവച്ചു മെല്ലെ പറഞ്ഞു
എല്ലാവാതിലുമടയുമ്പോഴും
ഈ വാതിൽ തുറന്നു തന്നെ കിടക്കും
മനസ്സാക്ഷിയുള്ള മനുഷ്യർക്കായുള്ള
വാതിലാണിത്....
ആ വാതിലിനരികിൽ
ക്ഷീരസാഗരമൊഴുകി വരുന്നത്
ഞാൻ കണ്ടു...

No comments:

Post a Comment