Saturday, September 11, 2010

ഹൃദ്സ്പന്ദനങ്ങൾ

അരയാൽത്തറയും കടന്ന്
ഗ്രാമമെഴുതിയ
അതിർരേഖകളിലൂടെ
നടന്നു നീങ്ങിയ കാലം
വനാന്തർഭാഗത്തിൽ
വഴിയറിയാതെ
നീർച്ചാലിലൂടെയൊഴുകി
കടലിനരികിലെത്തിയപ്പോൾ
ശരത്ക്കാലമേ
നീന്റെയിലപൊഴിഞ്ഞ
പൂമരക്കൊമ്പുകളിൽ
ഭൂമിയെ തേടി വേറിട്ട വഴിയിലൂടെ
നടന്നു ഞാൻ.
നിറഞ്ഞു തുളുമ്പിയ
തീർഥകലശങ്ങളിൽ, ശംഖിൽ
ദർഭപ്പുല്ലുകൾ പവിത്രക്കെട്ടിൽ
പുണ്യാഹമന്ത്രമായ് മാറിയ
മഴക്കാലമെന്നിലുണർത്തിയ
ഉൾക്കടലുകളിലൂടെ
ഞാനൊഴുകിയൊഴുകി
ഭൂമിയുടെ യാത്രയിലെ
ശരത്ക്കാലവർണ്ണമാകുമ്പോൾ
കാലമേ നീയെന്തിനിങ്ങനെ
കൈവിട്ടുപോയ നിമിഷങ്ങളുടെ
ശ്രുതി തേടിയലയുന്നു......

No comments:

Post a Comment