മഴതുള്ളികൾ
പലകാലങ്ങളിലായി
പലപ്പോഴായ് മനസ്സിലൊഴുകിയ
ഓർമകളെഴുതി വച്ചിരുന്ന
ചില്ലലമാരയിലെ ഒരു തട്ടിൽ
മാറാലപൂണ്ടുകിടന്ന
വിശ്വവിജ്ഞാനങ്ങൾക്കരികിൽ
ഗ്രാമമഴയിൽ കുതിർന്ന്
ചിതലറ്റു പോയ കുറെ
എഴുത്തുതാളുകളുടെ
അവശേഷിച്ച മഷിപ്പാടുകൾ
ഇന്ന് അവ്യക്തമായ ലിപികളായി
രൂപാന്തരപ്പെട്ടിരിക്കുന്നു
ഗ്രാമങ്ങളിലെ മഴയങ്ങനെ
പെയ്തു തോരാത്ത മഴ
കുടക്കീഴിലൊതുങ്ങാത്ത
മനോഹരമായ മഴ
മഴയിലൂടെ നടക്കുമ്പോൾ
ഗ്രാമം ഒരു മഴതുള്ളിയായൊതുങ്ങും
എഴുത്തുതാളിലൊതുക്കി
വയ്ക്കാനാവാതെ മഷിപ്പാടുകളെല്ലാം
മായ്ച്ചുകൊണ്ടൊഴുകുന്ന മഴ.....
No comments:
Post a Comment