Thursday, September 30, 2010

മൺചിരാതുകൾ

ഈ ഭൂമിയിലെ
ഹൃദയഹാരിയായ
ഓരോ ഋതുവിലും
തൂവൽസ്പർശമായുണരുന്ന
വാക്കുകളെ ഒരു തൂലികതുമ്പിലാക്കി
ഞാനിനിയും എഴുതിയേക്കാം
ഒഴുകുന്ന പുഴയും
ആകാശവും, മേഘജാലങ്ങളും
സപ്തസാഗരവും, തിരകളും
അവയെ പ്രകീർത്തിക്കുന്ന
അവയോട് പരിഭവമോതുന്ന
കവികളെപ്പറ്റിയും
ഞാനെഴുതിയേക്കാം
എന്റെ പരിമിതമായ ഭൂമിയുടെ
ചെറിയ കൽമണ്ഡപത്തിൽ
സന്ധ്യയുടെ ഓട്ടുവിളക്കിലെ
പ്രകാശത്തിനരികിലിരുന്ന്
ഞാനിനിയും എഴുതിയേക്കാം
ഒരു ചെറിയ പുഴയുടെ
ഓളങ്ങളുടെ ഇടുങ്ങിയ
കറുപ്പാർന്ന വഴികളെയും
ചുഴികളെയും എന്റെ ഭൂമി
കണ്ടുവെന്നും വരാം
ലോകഗോളങ്ങളുടെ
അനിയന്ത്രിതഗതിയിൽ
എന്റെ മനസ്സിലെ വാക്കുകൾ
കടൽത്തീരമണലിൽ
വീണ്ടും  ഞാനെഴുതിയേക്കാം
അതിൽ നക്ഷത്രമിഴിയിലെ
സ്വപ്നങ്ങളുണ്ടാവാം
മൺചിരാതുകളിലുണരുന്ന
കൈത്തിരികൾ പോലെ
ശരത്ക്കാലവർണ്ണങ്ങൾ പോലെ...

No comments:

Post a Comment