അക്ഷരങ്ങൾ
മൂടിക്കെട്ടിയ
ആകാശത്തിനരികിലിരിക്കുമ്പോൾ
അക്ഷരങ്ങൾ ചോദിച്ചു
ഇന്നെന്തെഴുതും
എഴുതാൻ പതിനാലുലകങ്ങളും
ദ്വീപസമൂഹങ്ങളും
കടലുകളും, മഹാസാഗരങ്ങളും
അരികിൽ അലയടിക്കുന്നുണ്ട്
അക്ഷരങ്ങളെ വാക്കുകളാക്കി
ചെത്തിമിനുക്കുമ്പോൾ
അതിലെ തൂവൽസ്പർശം
എവിടെയോ അപ്രത്യക്ഷമാവുന്നു
കൽത്തൂണുകളുടെയുള്ളിലെ
കരിങ്കൽ ശില പോലെ
ഹൃദയം ഒരു നോക്കുകുത്തിപോലെ
എല്ലാം കാണുന്നു
പേമാരിയിലെ കടൽപോലെ
അക്ഷരങ്ങൾ നൃത്തമാടുന്നു
യുഗാന്ത്യങ്ങളിലെ പ്രളയത്തിലൊഴുകുന്ന
ആലിലയിലെ അനന്തശയനം തേടുന്ന
ഒരു വാക്ക് ഭൂമിയുടെ പ്രദക്ഷിണവഴിയിൽ
പ്രദക്ഷിണവഴിക്കപ്പുറം
കടലായിരുന്നു
നോക്കെത്താദൂരം വരെ....
No comments:
Post a Comment