Saturday, September 18, 2010

ഹൃദ്സ്പന്ദനങ്ങൾ

അക്ഷരങ്ങളിൽ,
വാക്കുകളിൽ
നെരിപ്പോടുകളിൽ
നിന്നുയരുന്ന കനലിലെ
അഗ്നി പോലെ ഒരു ഭൂമി
എരിയുന്നു മനസ്സിൽ
അക്ഷരങ്ങൾക്കും
അതിലൂടെയുണർന്ന
വാക്കിനും മൗനത്തിനുമിടയിൽ
ത്രേതായുഗാന്ത്യമെഴുതിയ
വേറൊരു ഭൂമി
വഴിയിലെ ചരൽക്കല്ലിലുരസി
രക്തം കിനിയുന്ന വേദനയിലും
ആൾമാറാട്ടങ്ങളുടെ അരങ്ങിൽ
തിരശ്ശീലക്കപ്പുറം
ചായം തേച്ച കോമരങ്ങളുടെ
അസഹനീയമായ
വേഷപകർച്ച  കാണുന്ന
വേറൊരു ഭൂമിയരികിൽ
ഇടുങ്ങിയ ശരകൂടങ്ങളിൽ നിന്നകലെ
ഇടുങ്ങിയ മനസ്സുകളിൽ നിന്നകലെ
പുകയെരിയുന്ന
ചിമ്മിനി വിളക്കിനരികിലും
വെളിച്ചം മാത്രം തേടുന്ന
സായാഹ്നങ്ങളുടെ ശാന്തിയിൽ
വിരൽതുമ്പിൽ വന്നുരുമ്മുന്ന
അക്ഷരങ്ങളെ കോർത്തിണക്കി
കടൽത്തീരത്തിരുന്ന്
രാഗമാലികാസ്വരങ്ങൾ തേടുന്ന
ഭൂമിയെയാണിന്നെനിക്കിഷ്ടം...

1 comment:

  1. എന്റെ ഭൂമി
    നിനക്കായി കുരിശുമലകൾ
    മുൾക്കിരീടങ്ങൾ
    നിനക്ക് കാട്ടിലേയ്ക്ക് പോകാം
    പാണ്ഡവരെ പോൽ
    ആരണ്യകാണ്ഠം നിന്നെ
    തേടി വരും
    അതിനായവൻ
    തപസ്സിരിക്കുന്നു
    രാഗമാലികയൊന്നും
    നിന്നെക്കൊണ്ടവർ
    എഴുതിക്കില്ല
    അവർക്കാവശ്യം
    ആർത്തലയ്ക്കുന്ന കടൽ

    go ahead good wishes..
    Gayatri

    ReplyDelete