Tuesday, August 31, 2010

അക്ഷരങ്ങൾ
 
മൂടിക്കെട്ടിയ
ആകാശത്തിനരികിലിരിക്കുമ്പോൾ
അക്ഷരങ്ങൾ ചോദിച്ചു
ഇന്നെന്തെഴുതും
എഴുതാൻ പതിനാലുലകങ്ങളും
ദ്വീപസമൂഹങ്ങളും
കടലുകളും, മഹാസാഗരങ്ങളും
അരികിൽ അലയടിക്കുന്നുണ്ട്
അക്ഷരങ്ങളെ വാക്കുകളാക്കി
ചെത്തിമിനുക്കുമ്പോൾ
അതിലെ തൂവൽസ്പർശം
എവിടെയോ അപ്രത്യക്ഷമാവുന്നു
കൽത്തൂണുകളുടെയുള്ളിലെ
കരിങ്കൽ ശില പോലെ
ഹൃദയം ഒരു നോക്കുകുത്തിപോലെ
എല്ലാം കാണുന്നു
പേമാരിയിലെ കടൽപോലെ
അക്ഷരങ്ങൾ നൃത്തമാടുന്നു
യുഗാന്ത്യങ്ങളിലെ പ്രളയത്തിലൊഴുകുന്ന
ആലിലയിലെ അനന്തശയനം തേടുന്ന
ഒരു വാക്ക് ഭൂമിയുടെ പ്രദക്ഷിണവഴിയിൽ
പ്രദക്ഷിണവഴിക്കപ്പുറം
കടലായിരുന്നു
നോക്കെത്താദൂരം വരെ....
നക്ഷത്രവിളക്കുകൾ

ഇരുളിനെയകറ്റാൻ
സന്ധ്യ പടിവാതിലിൽ
വിളക്ക് തെളിയിച്ചപ്പോൾ
വെളിച്ചമുറയുന്ന തിരി കെടുത്തി
പകലുറങ്ങി
കാലത്തിന്റെ ശംഖിൽ
നിമിഷങ്ങളൊഴുകി മായുമ്പോൾ
ആകാശത്തിനപ്പുറം
ലോകാലോകങ്ങൾക്കപ്പുറം
അനന്തകോടിജന്മങ്ങൾ
ജീവനിലൂടെ നടന്നുപോയ
ഭൂമിയ്ക്ക് ചുറ്റതിരുകളിടുന്നു
ചെറിയ ലോകം.
മിഴികളിൽ നിറയുന്ന
നക്ഷത്രവിളക്കിൽ
ഇരുട്ടകന്നു പോയി
പടിവാതിലിലെ ഓട്ടുവിളക്കിൽ
അന്നും പ്രകാശബിന്ദുക്കൾ
സ്വർണ്ണപൂക്കൾ പോലെ വിടർന്നു
ഹൃദ്സ്പന്ദനങ്ങൾ

ഭദ്രമായടച്ചു തഴുതിട്ട വാതിലുകളിൽ
വിള്ളലുണ്ടാക്കി വീണ്ടും വീണ്ടും
ഉള്ളിലേയ്ക്ക് വരുന്ന
ഉപഗ്രഹനേത്രങ്ങളുടെ
കുരിശ് ചുമന്ന് ഭൂമിയുടെ
വാതിലുകൾ തകർന്നിരിക്കുന്നു
ശൈത്യകാലത്തെ മൂടിയ
മഞ്ഞുതുള്ളികളും
വേനൽക്കാലത്തീയുമേറ്റ്
ഭൂമിയുടെയുള്ളിൽ
ജീവിച്ച ഒരാത്മാവിന്റെ
മുറിവുകളിൽ നിന്നൊഴുകിയ
ഹൃദ്രക്തം
നിന്റെ പുകമൂടിയ
കണ്ണിനു കാണാനാവില്ല
ഒരു കുരിശുമായ് നീ നടന്നു
നീങ്ങുമ്പോൾ
ഭൂമിയുടെ ശിരസ്സിലേയ്ക്ക്
നീയാഴ്ത്തിയിറക്കിയ
ആ മൂന്നാം നേത്രമരക്കുരിശുകൂടി
എടുത്തിട്ടു പോകുക
അതിന്റെ ഭാരമങ്ങനെ
ഭൂഹൃദയത്തിന്റെ സന്തുലിത
നഷ്ടപ്പെടുത്തുന്നു
എന്റെ ചെറിയ ഭൂമിയുടെ
വാതിൽപ്പടിയിൽനിന്ന്
നീയതും കൂടിയടർത്തിയെടുക്കണം
നിന്റെയുപഗ്രഹമിഴികൾ
അതുകഴിഞ്ഞാൽ പിന്നെ
നിന്റെ വഴികളിൽ
എന്റെ ഭൂമിയുണ്ടാവില്ല.....
ഹേ രാം

നീയെത്രപുകഴ്ത്തിയാലും
അതൊരു പതിരാണെന്നനിക്കറിയാം
എല്ലാ ധാന്യമണികളും
കൊഴിഞ്ഞ ഒരു കതിരുമുയർത്തി
ആൾക്കാർക്കിടയിലൂടെ
ഘോഷയാത്ര ചെയ്യുന്ന
നിന്നെക്കണ്ടപ്പോൾ
സഹതാപം തോന്നി
ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല
നിന്റെ മനസ്സമാധാനത്തിനായി
പാതി താഴ്ന്ന പതാകയുമായ്
യാത്ര ചെയ്യുക
മതിവരുവോളം
കൂട്ടിനായ് കുറെ
ഉപജാപകസംഘങ്ങളെയും
പിന്നിലായ്
അണിനിരത്തുക
അങ്ങനെ നാടുനീളെ ഘോഷയാത്ര
നടത്തുക..
അരങ്ങിലെ നാടകങ്ങൾ
കാണുമ്പോൾ
എല്ലാമറിയുന്ന
ഭൂമി പറയുന്നു
ഹേ രാം

Monday, August 30, 2010

മഞ്ഞുതുള്ളികൾ

ഒരിയ്ക്കൽ വാക്കുകളിൽ
പനിനീർതൂവി പുനർജനിയുടെ
മന്ത്രം പാടിയ ഒരാത്മാവെഴുതിയ
വാക്കിന്റെയുള്ളിലെ വാക്കിലുണർന്ന
ഭൂമീ
എവിടെയോ കൈവിട്ടു പോയ
ദിനങ്ങളുടെ സങ്കടങ്ങളിൽ
നിന്നുണരുന്ന വാക്കുകളുടെ
മരണപത്രമെഴുതുന്ന
അന്തരാത്മാവിനെ
വെള്ളിനാണയങ്ങളിൽ വിഭജിക്കുന്ന
കുന്തമുനതുമ്പുകളിൽ
വീണുടയാത്ത അക്ഷരങ്ങളുടെ
ഒരു ലോകം
നനുത്ത നിലാവു പോൽ
എന്നിലുണരുമ്പോൾ
ചരൽപ്പാതയ്ക്കരികിലുള്ള
ഒരു സിമന്റബഞ്ചിലിരുന്നു
പരിഭാഷയുടെ കലർപ്പുകലർന്ന
വരികളെഴുതി നീട്ടുന്ന
വൃക്ഷശിഖരങ്ങൾക്കരികിൽ
പുൽനാമ്പുകളിലെ മഞ്ഞുതുള്ളിയിൽ
വീഴുന്ന വാക്കുകൾ
നക്ഷത്രങ്ങളെപോൽ
മിന്നിത്തിളങ്ങുമ്പോൾ
നിറഞ്ഞ പൂക്കുടയുമായ് വസന്തം
വാക്കുകളിൽ പൂത്തുലയുമ്പോൾ
പരിവർത്തന ലോകഗോളത്തിലിരുന്ന്
ഇടുങ്ങിയ മനസ്സുമായ്
തൂലികതുമ്പിൽ വാക്കുകളെ
ചിതയിലൊതുക്കാനാവുമോ നിനക്ക്
കടലിന്റെയുള്ളിലെ
കടലും കടന്ന്
ചക്രവാളത്തിന്റെയരികിൽ
പൂത്തുലയുന്ന സഹസ്രദീപങ്ങളിൽ
ഒന്നെങ്കിലും നിനക്ക് കെടുത്താനാവുമോ
പരവതാനികളിലൂടെ നടക്കുമ്പോൾ
പുരാവൃത്തങ്ങൾ മറക്കുമ്പോൾ
വാക്കുകൾക്കായ് മരണപത്രമെഴുതി
സൂക്ഷിക്കുക
മഷിതുള്ളികളിൽ,
പരിവർത്തനലിപികളിൽ.
വാക്കുകളെ ഭൂമി
ഒരു കടൽചിപ്പിയ്ക്കുള്ളിൽ
ഒരു മഞ്ഞുതുള്ളിയായൊളിപ്പിക്കും
പുനർജനിയുടെ അമൃത്
ക്ഷീരസാഗരത്തിൽ
നിന്നുണർന്നു വരും വരെ
ചില്ലുപാത്രങ്ങളിൽ എന്റെ ചെറിയ
ഭൂമിയെ ഞാനൊളിപ്പിച്ചിരുന്നെങ്കിൽ
മഞ്ഞുപാളികൾക്കുള്ളിലതു
ഘനീഭവിക്കുന്ന നിമിഷങ്ങളിൽ
തണുത്തുറഞ്ഞ പ്രതലങ്ങളിൽ
രത്നകമ്പളം വിടർത്തിയിട്ട്
അതിനു മുകളിലൂടെ ഒന്നുമറിയാത്തപോൽ
തടാകക്കരയിൽ നിന്നുത്ഭവിച്ച
മൗനം നടന്നു നീങ്ങിയേനെ
ഉൽക്കടമായ അഗ്നിപർവതങ്ങൾ
എന്നിൽ പ്രവഹിച്ചിരുന്ന വേളയിൽ
തീഷ്ണമായ കനൽത്തീയിൽ
ഹൃദയം കത്തിയ ചിതയ്ക്കരികിൽ
പ്രഭാതങ്ങളിൽ മഞ്ഞുതുള്ളിയുടെ
നൈർമല്യവുമായ് വന്നിരുന്ന
ഒരു ഭൂമിയെ തണുത്തുറയാൻ
എന്റെ മനസ്സിനായില്ല
അഗ്നികുണ്ഡങ്ങളിലൂടെ
നടക്കുമ്പോൾ ആപൽഘട്ടങ്ങളുടെ
മുൻവിവരക്കുറിപ്പുകളിൽ കത്തിക്കരിഞ്ഞു
എന്റെ ഭൂമി വേറിട്ട ഒന്നായിരുന്നു
എനിയ്ക്ക് ചുറ്റുമുള്ള
സാഹചര്യമായിരുന്നില്ല ഞാൻ
എനിയ്ക്ക് ചുറ്റുമുള്ള
ലോകമായിരുന്നില്ല ഞാൻ
അതറിയുന്ന കൃഷ്ണവർണമുള്ള
ശിലയുടെയരികിൽ,
എന്നെ ചുറ്റിവരിഞ്ഞ വിലങ്ങിനരികിൽ
എന്റെ വീണക്കമ്പികളിൽ
നിന്റെ കൈ ഞാൻ കണ്ടു
അതിൽ നീയപസ്വരങ്ങളുണർത്തുന്നുവെന്നെനിക്ക് 
തോന്നിയ നിമിഷം
അതെടുത്തുമാറ്റണമെന്നെനിക്കു തോന്നി
മാറ്റുന്നതിനിടയിൽ താളതന്ത്രികൾമുറിഞ്ഞു
അതിലൊരു കടലുലഞ്ഞു പാടി
ആ പാട്ടിന്റെ സ്വരങ്ങളറിയാതെ
എനിക്കു ചുറ്റും
ഒരു ലോകമൊഴുകി നീങ്ങുമ്പോൾ
എന്റെ ചെറിയ ഭൂമി 
ആരവങ്ങൾക്കകലെ
മഴതുള്ളികൾ വീഴുന്ന
കടലിനരികിലായിരുന്നു.
മഴതുള്ളികൾ

മഴ പെയ്യുന്ന സായാഹ്നത്തിൽ
നിറം മങ്ങിയ പകലിലിനരികിൽ
മലനിരകളിൽ നിന്നൊഴുകുന്ന
ജലപ്രവാഹങ്ങളിലൂടെയൊഴുകി
മായുന്ന ഒരിലപോലെയുള്ള
ജീവനെ വിലങ്ങിലിടുന്ന
കിളിക്കൂടുകളിൽ കണ്ട
മനസ്സിനെയുലച്ച
നേർത്ത വിഷാദം ഘനീഭവിച്ച
ഭൂമിയുടെ ഒരിതൾ
എന്റെ മുന്നിലുണർന്നുവരുമ്പോൾ
ആകാശത്തിന്റെ നിറങ്ങൾ
മഴതുള്ളികളായി
മിഴികളിൽ നിറയുന്നു
വർണങ്ങളുടയെല്ലാം
അവസാനരൂപം
മഴതുള്ളികൾ...
മഴയിലൊഴുകുന്ന
കടൽ...

Sunday, August 29, 2010

 സൂത്രധാരൻ

സത്യം സത്യത്തിനകത്തുണർന്നാൽ
എന്റെ ഭൂമിയെഴുതും
നിന്നെ ഞാനറിഞ്ഞിരുന്നില്ല
വലയങ്ങളുടെ വലയത്തിൽ
നീ ജീവിക്കുമ്പോൾ നീ കരുതി
എന്റെ ഭൂമി നിന്നിലൂടെയുയരുമെന്ന്
നിന്നെയറിയാത്ത ഭൂമിയെങ്ങനെ
നിന്നെ പ്രദക്ഷിണവഴിൽ കാണും
നിന്റെയുപഗ്രങ്ങളെയറിയാൻ
എന്റെ ഭൂമി കുറെ തപസ്സിരുന്നു
ഒന്നൊന്നായി ഭൂപ്രദക്ഷിണം
ചെയ്ത മഷിതുള്ളികളിലൂടെ
അവരെയറിഞ്ഞ ഭൂമി
നീയെന്ന മഹാഗ്രഹവലയത്തെ
അറിയാൻ കുറെ വൈകി
നിനക്കു ചുറ്റും കാവൽ നിന്ന
ലോകഗോപുരങ്ങൾ
തകർന്നു വീണപ്പോൾ
ഭൂമിയറിഞ്ഞു
അതു നീയായിരുന്നുവെന്ന്
സൂത്രധാരൻ
ഉപഗ്രഹങ്ങളെ ഭൂമിയിലേയ്ക്കെയ്തവൻ
സത്യം സത്യത്തിനകത്തുണർന്നാൽ
എന്റെ ഭൂമി പറയും
നിന്നെ ഞാനറിഞ്ഞിരുന്നില്ല
നിന്നെയറിയാത്ത ഭൂമിയെങ്ങനെ
നീയെന്ന മഹാഗ്രഹത്തിലൂടെയുയരാൻ
ശ്രമിയ്ക്കും....
എങ്കിലും നീയെന്തിനതു
ചെയ്തുവെന്നീഭൂമിക്കിന്നറിയാം..
സാഗരസ്പന്ദനങ്ങൾ

ദേവമണ്ഡപങ്ങളിൽ നിന്നുണർന്ന
സുപ്രഭാതം കേട്ടുണരുന്ന
സാഗരമേ
നിന്നെ തേടി ഞാനെന്നും വരുന്ന
വഴിയിലെ മുൾക്കമ്പുകളിലുടക്കി
വിരൽതുമ്പുകളിലെ
മുറിവുകളിലൂടെയൊഴുകുന്നു ഹൃദ്രക്തം
മൗനങ്ങളുടെ മതിലുകളിൽ
വീണുടയാത്ത ഭൂമിയെന്റെയരികിൽ
ആ ചെറിയ ഭൂമിയെ
മഷിക്കുപ്പികളിലൊളിപ്പിക്കാൻ
പരിശ്രമിക്കുന്ന വിഷമവൃത്തങ്ങൾ
നടന്നു നീങ്ങുന്ന വഴിയിൽ
ചില്ലുജാലകങ്ങളുടഞ്ഞു പോയ
ഒരു മനസ്സിന്റെ മേഘഗർജനങ്ങൾ
എല്ലാവഴിയുമവസാനിക്കുന്ന
തീരങ്ങളിലുണരുന്ന സാഗരമേ
ആദിമമായ ശുദ്ധസ്വരങ്ങളിൽ
നീയെന്നെയുൾക്കൊള്ളുക
പതാകകൾ

ചുരങ്ങളിലെ ഇരുട്ടിലൂടെ

യാത്രചെയ്യുന്നവർ ഇരുട്ടിന്റെ
ഒരു തുണ്ട് എപ്പോഴും മനസ്സിൽ
സൂക്ഷിക്കും
വർഷങ്ങളോളം മുഖങ്ങൾ
മൂടുപടത്തിലൊളിപ്പിച്ചവരാണവർ
അവരുടെ ചുരുങ്ങിയ
ലോകമെഴുതുന്ന മഷിപ്പാടുകൾ
പടർന്ന കറുപ്പിൽ
രാത്രി വീണ്ടും കറുത്തവാവുകളുടെ
ഇരുട്ടുമായലയുന്നു.
ആത്മാവിനെ വിറ്റു തീറെഴുതന്നവരോട്
ഭൂമിയെന്ത് പറയാൻ
ചുരങ്ങളിലെ ഇരുട്ടിൽ
ഇനിയും കറുത്തമഷിക്കുപ്പികളുടച്ചു
പർവതമുകളിൽ
കറുത്ത പതാകളുയർത്തുക
വിജയമാഘോഷിക്കുക
ചുരങ്ങളിലെ പുകയിൽ
മായുന്ന മനസ്സാക്ഷിയുടെ
വാതിലുകൾ അടഞ്ഞുകിടക്കട്ടെ
സാഗരസ്പന്ദനങ്ങൾ

ലോകാലോകപർവതങ്ങളിലൂടെ
യാത്രചെയ്തുവന്ന നക്ഷത്രമിഴിയിലെ
തിളക്കം പോലെയുള്ള
സ്വപ്നനൂലിൽ നെയ്ത
സായാഹ്നത്തിനരികിൽ
അതിരുകളിലെ മുൾവേലികളിലൂടെ
അകത്തേയ്ക്ക് വരാൻ വെമ്പുന്ന
ആരവങ്ങളുടെ
അശാന്തമായ പദചലനങ്ങൾ
മനസ്സിനെ വിഹ്വലമാക്കുമ്പോൾ
സാഗരമേ
അപ്രിയങ്ങളായ സ്വരങ്ങൾ
നീയുള്ളിലൊതുക്കുക
നിന്നെത്തേടി ഞാൻ വരുമ്പോൾ
പ്രിയതരമായ സ്വരങ്ങളിൽ
എനിയ്ക്കായി നീ വീണാതന്ത്രികളിൽ
സംഗീതമുണർത്തുക........
കാലമൊഴുകിയ വഴി

സമുദ്രതീരത്തു നിന്നുമുയർന്ന
ഒരു കുന്നിന്മുകളിലെ
ഉദ്യാനവാതിലുകളിലൂടെ
നടക്കുമ്പോൾ
മലനിരകളിലൂടെ വൃഷഭാവതി
ഒരു നേരിയ രേഖ പോലെയൊഴുകി
മായുമ്പോൾ
മഞ്ഞുതൂവി നിന്ന പ്രഭാതങ്ങൾ
ഒരിയ്ക്കലിവിടെയുണ്ടായിരുന്നു
നടന്നു പോകുന്ന വഴിയിൽ
മദ്ധ്യാഹ്നചൂടു മായ്ക്കുന്ന
തണൽമരങ്ങളിലൂടെ
നനുത്ത കാറ്റൊഴുകിയിരുന്നു
സായാഹ്നങ്ങൾ ശാന്തവും
സംഗീതാത്മകവുമായിരുന്നു
തടാകങ്ങൾക്കരികിലൂടെ
കറുത്ത പുകയിലോടുന്ന ഇത്രയേറെ
വാഹനങ്ങളന്നുണ്ടായിരുന്നില്ല
കാലമൊഴുകിയ വഴിയിലൂടെ
നടന്നുവന്ന പുതിയയുഗം
പലതും മാറ്റി
ഉദ്യാനങ്ങളിലെ പൂക്കൾ
കരിഞ്ഞു
പ്രഭാതങ്ങളിലെ
മഞ്ഞുതുള്ളികൾ മാഞ്ഞു
തണൽമരങ്ങൾക്കരികിലൂടെ
തിരക്കിട്ടോടുന്ന
ആൾക്കുട്ടത്തിനരികിലൂടെ
കാലം മാത്രം
ഒന്നും കാണാത്ത പോലെ
നടന്നു നീങ്ങി....
കടൽ

മൗനം തേടിയുള്ള
യാത്രയവസാനിപ്പിച്ച
കടലാണിന്നെന്റെയുള്ളിൽ
ഞാനുണരുന്നതിന്നൊരു
വേണുഗാനത്തിൽ
മൗനത്തിനന്യമെന്റെ കടലിന്റെ
സ്വരങ്ങൾ
എന്റെ സ്വരങ്ങളിൽ മഴതുള്ളികളിറ്റു
വീഴുന്നു
മഴയിലൂടെയൊഴുകുന്ന
കടലാണിന്നെന്റെയുള്ളിൽ
മഷിതുള്ളികളെല്ലാം മഴത്തുള്ളികളോടൊന്നിച്ചു
കടൽസ്നാനം ചെയ്യുന്ന മഴക്കാലസന്ധ്യയിൽ
എവിടെയോ വീണുടഞ്ഞ ഒരു ചില്ലുപാത്രം
പോലെ ഉടഞ്ഞ ആരുടെയോ
കുറെ ചിന്തകൾ
വീണ്ടും മഷിതുള്ളികൾ തേടിപ്പോയി
എന്റെ സ്വരങ്ങളിലുണർന്ന
ചിന്തകളുടെ മുത്തുകളെ
ആരും കാണാതെ
ഞാൻ ഒരു മുത്തുചിപ്പിയിലൊളിപ്പിച്ചു
കടൽ

ലോകം അക്ഷരമറിയുന്ന
നിരക്ഷന്മാരുടേതാണിന്ന്
ഭദ്രമായടച്ച വാതിൽ
തള്ളിതുറന്നകത്തു കയറുന്ന
നിരക്ഷരചിന്തകൾ
ലോകം ചുരുങ്ങിയ വഴികളിൽ
മുൻവാതിലുകളടച്ചു പൂട്ടി
പിൻ വാതിലിൽ
ഒളിച്ചിരിക്കുന്ന നിഴൽപ്പാടുകൾ
കണ്ടുമടുത്ത നിഴൽനിറങ്ങൾക്കകലെ
മുത്തുച്ചിപ്പികളുടെ ലോകമായുണരുന്ന
കടൽ
എത്രയോ വഴികളിൽ
എത്രയോ സായാഹ്നങ്ങളിൽ
നക്ഷത്രസന്ധ്യകളിൽ
അക്ഷരങ്ങളിലെ
അനൗചിതമായ നിരക്ഷരത
മായ്ക്കുന്ന ഒരു വേണുഗാനം
നാരായണീയത്തിലൊഴുകി
അത് കാണാതെയൊഴുകുന്നു
അക്ഷരമറിയുന്ന നിരക്ഷരർ
കടലേ നീന്റെ തീരങ്ങളിലിരുന്ന്
ഞാനെഴുതുന്ന അക്ഷരങ്ങളെ
നീ മായ്ക്കാതിരിക്കുക.....

Saturday, August 28, 2010

കാന്തവലയങ്ങൾ

ചുറ്റുവലയങ്ങളിലെ
കാന്തികചിന്തുകളിൽ
ജീവന്റെ മന്ത്രവിളക്കുമായ്
വന്ന ഭൂമീ
നീയെനിക്കായേകിയ
ചെറിയ ലോകം
വിരൽതുമ്പിലൊതുങ്ങാതെ
വളർന്നു വലുതാകുന്നു
ഇരുമിഴിയിലുമൊതുക്കാനാവാതെ
വളരുന്ന കടൽ പോലെ
അകലെയെവിടെയോ
ശൂന്യാകാശപരീക്ഷണശാലകളിൽ
ഉറങ്ങാതെ ഭൂമിയുടെ ചലനപഥങ്ങൾ
തേടുന്ന യന്ത്രമിഴികളുടെയരികിൽ
പ്രകാശവേഗങ്ങളിൽ
എവിടെയാണു ഭൂമീ
നീ നിന്റെ കാന്തികചിന്തുകൾ
ഭദ്രമായ് വയ്ക്കുന്നത്
അകലെ ആകാശഗംഗയൊഴുകുന്ന
വഴിയിൽ,
നിന്റെ ഭ്രമണപഥത്തിൽ
എത്രയോ നാൾ ഞാൻ വന്നിരുന്നു
നീയെന്നെയന്ന് കാട്ടി
നിന്റെ കാന്തവലയങ്ങൾ
നക്ഷത്രങ്ങളെപ്പോൽ
മിഴിയിൽ തിളങ്ങിയ
പ്രകാശവലയങ്ങൾ
മഴതുള്ളികൾ

മഴ പെയ്തുകൊണ്ടേയിരിക്കുന്നു
മഴക്കാലങ്ങളിൽ
പാടം കടന്നു പാലം കയറി
ചരൽപ്പാതയിലൂടെ
വെയിൽനാളങ്ങൾ
പുസ്തകസഞ്ചിയിൽ തൂവി
ബാല്യം നടന്ന വഴിയിൽ
തണൽമരങ്ങൾക്കരികിലിരുന്ന്
പറഞ്ഞ പലകഥകളും മറന്നുപോയ
വളർന്നു വലുതായ ലോകത്തിൽ
തൂവൽ പോലെ പറന്നു പോയ
പഞ്ഞിതുണ്ടുകൾക്കൊപ്പം
ഒരു ചെറിയ കിളിയുടെ
തൂവലുമുണ്ടായിരുന്നു
കാലമൊഴുകിയ വഴിയിൽ
പാടം നികന്നു
പാലങ്ങൾ പുതിയ ചായങ്ങളിൽ
ഗ്രാമചിത്രങ്ങൾ മാറ്റിയെഴുതി
ഓർമചെപ്പിൽ പുസ്തകസഞ്ചിയുമായി
അസുഖകരമായ ഒരപരിചിത്വം
അരികിൽ വന്നിരുന്നു
മഴതുള്ളികളിൽ മാത്രം
പരിചിതമായ ഒരു കുളിരുണ്ടായിരുന്നു
അന്നും ഇന്നും....
കടൽ

ആയിരത്തിരിയിലുണർന്ന
കാർത്തികദീപങ്ങൾ പോലെ
പ്രഭാതമുണർന്നപ്പോൾ
ഉണരാൻ വൈകിയ
കടൽത്തീരം ശൂന്യമായിരുന്നു
ദിക്കുകളുടെ ഒരറ്റത്തു നിന്നും
മറ്റേയറ്റം വരെ
ദിക്പാലകരുടെ
സംരക്ഷണയിലുറങ്ങിയ
ഭൂമിയെ ശരമെയ്തു
വീഴ്ത്താനൊരുങ്ങിയ സൈന്യങ്ങൾ
ആനതേർകാലാൾപടയുമായ്
തിരികെ പോയി
മനസ്സാക്ഷിയുടെ വാതിലടച്ചിട്ടുറങ്ങിയ
ആത്മാക്കൾ മരവിച്ച കോലങ്ങൾ പോലെ
എവിടെയോ മാഞ്ഞു
ചക്രവാളത്തിനരികിൽ
ഭൂമിയുണർന്നു വന്നപ്പോഴേയ്ക്കും
കടൽ പ്രശാന്തിയുടെ
ദിക്കുകളിലേയ്ക്കൊഴുകി

Friday, August 27, 2010

കടൽ

ചിലനേരങ്ങളിൽ
അങ്ങനെയാണു തോന്നുക
ഭൂചലനങ്ങളിലെന്നെ പോലെ
വിണ്ടുകീറുന്ന ഭൂമി
തീയുണർത്തുന്ന
അഗ്നിപർവതഗുഹകൾ
പിന്നീടുണരുന്ന പ്രഭാതങ്ങളിൽ
ഇതൊന്നുമുണ്ടാവില്ല
ചിലനേരങ്ങളിലങ്ങനെയാണു
 ഭൂമി
ശിവനേത്രം പോലെ
വിഭൂതിയിൽ മുങ്ങിയ അഗ്നി
കടലും അങ്ങനെ തന്നെ
കരയെല്ലാമൊതുക്കി മുന്നേറും
ഉൾക്കടലിനെയറിയാത്തവർ
തീരങ്ങളിലുപേക്ഷിക്കുന്ന
കുപ്പിച്ചില്ലുകളും, മുള്ളുകളും
തിരകൾ കൈയേറും
കടലിന്റെയുള്ളിന്റെയുള്ളിൽ
സ്വപ്നങ്ങൾ കാവ്യഭാവമായുറങ്ങുന്നു
ഉടഞ്ഞ കുപ്പിചില്ലുകളിൽ
മുറിവേൽക്കാത്ത സ്വപ്നങ്ങൾ
ചില നേരങ്ങളിൽ
അങ്ങനെയാണു തോന്നുക
കാലം ഒരു തൂവൽസ്പർശമായ്
കൈവിരൽതുമ്പിലുണരുന്ന
പ്രഭാതങ്ങളിൽ
ചില്ലുജാലകങ്ങൾ തുറന്ന്
കടലനരികിലുണരുന്ന ഭൂമി
ചില നേരങ്ങളിൽ
ചില നേരങ്ങളിൽ അശാന്തിയുടെ
അസ്വസ്ഥതകളുടെ വിലങ്ങഴിക്കാൻ
കടലുണർന്നുവരും...

Thursday, August 26, 2010

മഴതുള്ളികൾ

വനാന്തരങ്ങളിലൂടെ നടക്കുമ്പോൾ
മഞ്ഞുതൂവിയ മഴതുള്ളികൾ
മൗനമുറങ്ങിയ ശിഖരങ്ങൾ മായ്ച്ച
അരുവിയിലൂടെയൊഴുകി
പ്രകാശത്തിന്റെ വാതിലുകൾ തുറന്ന
പ്രഭാതത്തിന്റെ ഗോപുരമുകളിലെ
ദീപങ്ങളിൽ കാടുണരുന്നതു കണ്ടു
പടിയിറങ്ങി വന്ന്
കൃഷ്ണശിലകളിലഭിഷേകതീർഥമായൊഴുകി
മേഘമാർഗങ്ങളിലൂടെ
കാടിന്റെയതിരുകളിലൂടെ
കടൽത്തീരത്തേയ്ക്ക് യാത്ര തുടങ്ങുമ്പോൾ
താമരയിലകളിൽ കവിതവിരിയിക്കുന്ന
മഴതുള്ളികളെ കൈയിലേറ്റി
ഭൂമി മെല്ലെ നടന്നു....
ലോകഗോപുരങ്ങൾ

 
അതിരുകളിലെ വന്മതിലുകൾക്കപ്പുറം
ലോകഗോപുരങ്ങൾ പണിതുയർത്തി
അതിൻമേൽ പതാകളുമായ്
ലോകമതാണെന്നെഴുതി
വിശ്വസിപ്പിക്കാൻ
ശ്രമിച്ച  സാമ്രാജ്യത്തിന്റെ
തീർപ്പുകല്പനകളെ
വിശ്വാസപ്രമാണമായ്
കരുതിയ ഒരു മനസ്സിന്റെ
മുന്നിൽ ഒരുനാൾ ലോകഗോപുരങ്ങൾ
തകർന്നുടഞ്ഞു വീണു
ആ ഗോപുരമുകളിൽ നിന്നുകണ്ട
വലിയ ചെറിയ ലോകത്തിനപ്പുറം
ഭൂമിയുടെ കടൽത്തീരങ്ങൾ തേടി
നടന്ന മനസ്സേ
അശാന്തിയുടെ സ്വരങ്ങളെല്ലാം
മായ്ക്കുന്ന തീരത്തിരുന്ന്
ചക്രവാളത്തിന്റെ സൗമ്യസ്വരങ്ങളുടെ
സ്പന്ദനത്തിൽ നീയുണരുക ....
ധ്യാനശിലകൾ

കാലമേ നീയെനിക്കായി തന്ന
ഭൂമിയുടെയരികിലിരുന്ന്
ഞാനെഴുതുന്നതിൽ
പരിഭവപ്പാടുകളുമായ് വരുന്ന
മഷിതുള്ളികളുടെ
അലോസരപ്പെടുത്തുന്ന
പുലർകാലങ്ങളിൽ
നിന്നകലേയ്ക്ക് ഞാനെന്റ്
ചെറിയ ഭൂമിയെ മാറ്റി
പുന:പ്രതിഷ്ഠിച്ചു 
കലശങ്ങളിൽ മഴതുള്ളികൾ
അഭിഷേകതീർഥവുമായ്
വന്ന ഒരുനാൾ
അഷ്ടബന്ധങ്ങളിൽ
ആ ഭൂമിയുടെ ഒരു തുണ്ടിനെ
രണ്ടു കടലും
ഒരു മഹാസമുദ്രവുമൊന്നുചേരുന്ന
സംഗമബിന്ദുവിലെ
ധ്യാനശിലകളിലുറപ്പിച്ചു
അവിടെ മിഴിപൂട്ടിയിരുന്ന
എന്റെയരികിൽ
പ്രകാശലോകത്തിന്റെ
പ്രതിരൂപങ്ങളായി
ആകാശത്തിലെ
നക്ഷത്രങ്ങളുണർന്നു വന്നു
വിലങ്ങുകൾ

സ്വതന്ത്രഭൂമിയുടെ
അസ്വാസ്ഥ്യങ്ങളായി
അസ്വതന്ത്രതയുടെ
ഒരു വിലങ്ങു ചുറ്റിലുമിട്ടവൻ
പോയി
വാടകയിലെഴുതി വാങ്ങിയ
വലം കൈയ്കൾ
അവനെ പുകഴ്ത്തി
എഴുത്തുമഷിത്താളിനപ്പുറം
ഉപഗ്രഹങ്ങളുടെ
ഗ്രഹനിലകൾ വരെ
അവൻ വിലയിട്ടെടുത്തു
ചായം തേച്ച സൗദങ്ങളുടെ
ജാലവിദ്യകണ്ടു മയങ്ങിമാഞ്ഞ
കുത്തുകസാമ്രാജ്യങ്ങളുടെ
ഇടനാഴിയിൽ വിലയിട്ടെടുക്കാവുന്ന
വിപണനനൈപുണ്യത്തിലൂടെ
അവനൊഴുകുമ്പോൾ
വിലങ്ങുകൾ പൊട്ടിച്ചെറിയാൻ
വെമ്പിയ ഭൂമിയിലേയ്ക്ക്
വിലയിട്ട് വാങ്ങാനാവാത്ത
ഒരു സാമ്രാജ്യത്തിൽ നിന്നും
ദൈവം വന്നവനോട് പറഞ്ഞു
അന്തരാത്മാവിനെ തീറെഴുതി
വിൽക്കുന്ന സാമ്രാജ്യങ്ങളിൽ
ഭൂമിയെ വിലങ്ങിട്ടു വിൽക്കുന്ന
മനുഷ്യരുടെയരികിൽ നിന്ന്
നീയെന്നെ തേടി വരരുത്
മഴതുള്ളികൾ

യദുകുലമെന്റെ മനസ്സിൽ
വീണ്ടുമുണർന്ന ത്രിസന്ധ്യയിൽ
ആകാശമേ നിയെനിക്കായി
ആയിരമായിരം താരകങ്ങൾ
തെളിയിച്ചു
സായാഹ്നത്തിന്റെ വാതിൽ തഴുതിട്ട് 
പിന്നോട്ടു നടന്ന പകൽ
മറന്നു വച്ച ഇലച്ചീന്തിൽ
കാലത്തെ തൊട്ടുണർത്തിയ
ചന്ദനത്തിന്റെ കുളിരൊഴുകുമ്പോൾ
അരികിലുലഞ്ഞ
സായന്തനത്തിന്റെ കസവുനൂലുകളിൽ
ഞാൻ നെയ്ത സ്വപ്നങ്ങൾ
വാക്കായി മാറിയ നിലാവിന്റെ
പൂവിതളുകളുകളിലൂടെ
സാഗരമുണരുമ്പോൾ
യുഗങ്ങളുടെ ഇടവേളയിലെ
പരിസമാപ്തിയുടെ
പർവതശിഖരങ്ങളിൽ
മഴ പെയ്തുകൊണ്ടേയിരുന്നു.....
 അമൃതവർഷിണി

ശിവകോപത്തിലുണർന്ന
ഭൂതഗണങ്ങൾ
പിന്നിലൂടെ നടക്കുമ്പോഴും
അക്ഷയപാത്രത്തിൽ
എനിയ്ക്കായി
ഭൂമിയുടെ മൺതരികൾ
സൂക്ഷിച്ച ഓടക്കുഴൽനാദമേ
നിന്നെ തേടി കല്ലും മുള്ളും നിറഞ്ഞ
കുചേലങ്ങളിൽ എന്റെ മനസ്സിനെ
ഞാൻ നിനക്കായിയെഴുതിവച്ചു
നിന്റെ കാൽചിലമ്പിന്റെ നാദമായ്
കടലുകളുണരുമ്പോൾ
ചന്ദനസുഗന്ധമൊഴുകുന്ന
മണ്ഡപങ്ങളിലിരുന്ന്
ഹിന്ദോളത്തിന്റെ സ്വരങ്ങൾ പാടി
എന്റെ ഹൃദയം
എല്ലാ കടലുകളും ഒന്നാകുന്ന
ക്ഷീരസാഗരതീരങ്ങളിൽ
ത്രികൂടങ്ങൾക്കു മുകളിലൂടെ
ആകാശമാർഗവും കടന്ന്
സ്വപ്നങ്ങൾ തേടി ഞാൻ വരുമ്പോൾ
അക്ഷയപാത്രത്തിൽ അമൃതു തൂവുന്ന
വാക്കുകൾ നീയെനിയ്ക്കേകുക
മഴതുള്ളികൾ

പെയ്തൊഴിയുന്ന രാത്രിമഴയുടെ
സംഗീതത്തിലുണർന്ന മനസ്സേ!
കുളിർ തൂവിയൊഴുകുന്ന മഴതുള്ളികൾ
മൺകുടങ്ങളിൽ വീണുനിറയുമ്പോൾ
വൈദ്യുതിദിപങ്ങൾ മങ്ങിക്കത്തിയ
പാഥയോരങ്ങളിൽ
ഗ്രാമം ഓട്ടുവിളക്കിൽ തിരിയിട്ട്
മഴതുള്ളികളുടെ മൗനമുടഞ്ഞ
ചില്ലുജാലകങ്ങൾ തഴുതിട്ട്
ചന്ദനത്തിരിയുടെ സുഗന്ധമൊഴുകിയ
പൂജാമുറികളിലിരുന്നു
ദേവീ സഹസ്രനാമജപമുരുക്കഴിച്ചു
അറവാതിലിലെ വിളക്കിനരികിൽ
ആദിമധ്യാന്തങ്ങളുടെ
ഇടവേളയിൽ കുരുങ്ങിയ
നിമിഷങ്ങളെ രുദ്രാക്ഷചരടിലാവഹിച്ച്
വിഭൂതിയിൽ മുങ്ങിയ
വാക്കിലുണരുന്ന സ്വപ്നങ്ങളെ
ഓട്ടുവിളക്കിലെ പ്രകാശമാർഗത്തിലൂടെ
മനസ്സിന്റെയുള്ളിലൊളിപ്പിക്കുമ്പോൾ
മഴതുള്ളികൾ രാത്രിയുടെ
യാമങ്ങളിലൂടെയൊഴുകി..
മഴതുള്ളികൾ


കനൽത്തീയുരുക്കിയ മദ്ധ്യാഹ്നത്തിന്റെ
തീക്കുണ്ഡങ്ങളിലൂടെ നടന്നു നീങ്ങിയ
ഭൂമീ,
വഴിയോരങ്ങളിലെ തണൽമരങ്ങൾ
വേനൽത്തീയിൽ
കരിഞ്ഞുണങ്ങിയിരിക്കുന്നു
ആറ്റുവക്കിലെ അരയാൽത്തറയിലിരുന്ന്
ചതുരംഗക്കളങ്ങളിൽ
മനുഷ്യജീവനെ
പണയപ്പെടുത്തിയാഹ്ളാദിച്ച
കുറെ വഴിപോക്കർ
കളിമതിയാക്കി യാത്രപിരിഞ്ഞുപോയി
പായ്നൗകകളിലൂടെ യാത്രചെയ്ത
സ്വപ്നങ്ങളുമായ് ഓളങ്ങളൊഴുകി
മഴയൊഴുകിയ
സായാഹ്നത്തിന്റെ സൗമ്യതയിൽ
തീക്കുണ്ഡങ്ങളിലെ തീയണഞ്ഞിരുന്നു
ഓട്ടുവിളക്കിലിത്തിരി
പ്രകാശവുമായ് വന്ന
അശോകപ്പൂക്കളുടെ നിറമുള്ള
സന്ധ്യ മാത്രം
ഭൂമിയുടെയരികിലിരുന്നു.

Wednesday, August 25, 2010

ഭൂമിഗീതം

പൂർവദിക്കിനെ
പ്രകാശപൂരിതമാക്കുന്ന
പ്രഭാതമേ!
നിന്റെയുണർത്തുപാട്ടിൽ
ഞാനുണർന്നപ്പോൾ
വൃക്ഷശാഖകളിലുണർന്ന
മഞ്ഞുതുള്ളികൾ
കുളിരുപകർന്ന നനുത്ത ഭൂമിയിൽ
വാനമ്പാടിയുടെ പാട്ടുതേടി
അയനിമരങ്ങളുടെയരികിലൂടെ
ഞാൻ നടന്നു
പടിഞ്ഞാറൻ ആകാശത്തിന്റെ
വൃക്ഷശാഖകൾക്കിടയിലൂടെ കണ്ട
ഒരു തുണ്ടിലൊഴുകിയ
കാർമേഘങ്ങൾ മഴക്കാലത്തിന്റെ
ജലശേഖരങ്ങളുമായി വരുമ്പോൾ
കിളിക്കൂടുകൾ തുറന്നു വന്ന
ഭൂമീ...
നിനക്കായ് പൂമുഖവാതിലിൽ
ഞാനൊരുക്കുന്നു
എന്റെ അന്തരാത്മാവിലെ
അഗ്നിസ്ഫുലിംഗങ്ങളിൽ
നിന്നുണരുന്ന നിറദീപങ്ങൾ
സാഗരസ്പന്ദനങ്ങൾ

അനന്തതയുടെ ഇതൾചീന്തുപോൽ
മുന്നിലുണരുന്ന കടൽത്തീരങ്ങളിൽ
മതിലുകളോ മുള്ളുവേലികളോ
പണിതുയുർത്തി വാക്കുകളെ
മായ്ക്കുന്ന ഒരു ഭൂമി
എന്റെയുള്ളിലില്ല
നിനക്ക് കടന്നുപോകാം കാലമേ
ചക്രവാളങ്ങളിലൂടെ
ആകാശഗോപുരവും കടന്നു
പോകുമ്പോൾ
വാക്കുകൾ ഭൂമിയുടെ നനുത്ത
മണ്ണിൽ ചെമ്പകതൈകൾ നടും
അശോകപ്പൂമരങ്ങളിലെ
പൂക്കളിൽ കവിത തേടും
വയൽവരമ്പിലൂടെ
കേതകിപൂക്കളിറുത്ത്
നടന്നുനീങ്ങും
പുലർകാലങ്ങളിൽ ശംഖുനാദം
കേട്ടുണരും
പനിനീർതൂവുന്ന മഴതുള്ളികളിൽ
പളുങ്കുമണികൾ പോലുണരുന്ന
സ്വപ്നങ്ങൾ മിഴിയിലൊളിപ്പിക്കും
സോപാനങ്ങളിലിരുന്ന്
അഷ്ടപദിയുടെ ആത്മാവിലെ
ഓടക്കുഴലിൽ
ഹൃദ്സ്പന്ദനങ്ങളൊളിപ്പിക്കും 
മഹാസമുദ്രങ്ങളുടെ അതിരുകളിലെ
ഉപഭൂഖണ്ഡത്തിലെ ഭൂമിയുടെ
പ്രദക്ഷിണവഴിയിലിരുന്ന്
നടന്നകലുന്ന പകലിന്റെ
കൽമണ്ഡപങ്ങളിരുന്ന്
ഘനരാഗങ്ങളുടെ സ്വരങ്ങൾ തേടും
കാലമേ നീ നടന്നകലുക
നിലക്കാത്തമഹാപ്രവാഹത്തിൽ
സാഗരങ്ങളുടെ മഹാധമിനികളിലൂടെ
ഭൂമീ നീയൊഴുകുക....
പ്രദോഷസന്ധ്യകൾ









മിഴികളിൽ നക്ഷത്രതിളക്കവുമായ്
വന്ന സന്ധ്യേ
നിന്നെയും കാത്ത്
എത്രയോ പ്രദോഷങ്ങളിൽ
പടിപ്പുരവാതിലും കടന്നു
വില്വപത്രങ്ങളുമായി
മുപ്പത്തിമുക്കോടി ദേവകളെ
തേടി ദേവദാരുക്കൾ പൂക്കുന്ന
വനികയിലെ കാറ്റിൻ സുഗന്ധവുമായ്
ആകാശമാർഗത്തിലൂടെ
എന്റെ സ്വപ്നങ്ങൾ
ചക്രവാളത്തെ തൊട്ടുനിൽക്കുന്ന
സാഗരതീരത്തിരുന്നിരിക്കുന്നു
നിന്നിലാളുന്ന സായംസന്ധ്യയുടെ
ശരത്ക്കാലവർണ്ണം
ഭൂമിയുടെ നിറമായി മാറിയ
ആകാശമേലാപ്പിലൂടെ
കാലം മെല്ലെ നടന്നു നീങ്ങുമ്പോൾ
എഴുതാൻ വാക്കു തേടി
ഞാൻ തീരമണലിലൂടെ മെല്ലെ നടന്നു
ഗ്രാമം

കൽവരികളിലെ മൺതിട്ടുകളിൽ
നിന്നകന്നു പോയ ഒരു ഗ്രാമം
പുതിയ വേലികളിൽ പടർത്തിവിട്ട
കള്ളിമുൾച്ചെടിയിലുരസി
കൈവിരൽതുമ്പിൽ
ചോരകിനിയുമ്പോഴും
എന്നെ വിട്ടുപോകാതിരുന്ന
സോപാനങ്ങളിലെ
ഇടയ്ക്കയുടെ തുടിയുമായ്
നിന്ന ഭൂമീ
എന്റെ ഗ്രാമം
നെൽപ്പാടങ്ങൾക്കരികിലൊഴുകിയ
ആറ്റിൽ വഞ്ചിതുഴഞ്ഞു
ആൾപ്പാർപ്പില്ലാത്ത ഒരു
താഴവരയിലെ നിഗൂഢതയിൽ
മറയുമ്പോൾ
ഉണർത്തുപാട്ടിന്റെ ഓടക്കുഴലുമായ്
അരികിലെത്തിയ സാഗരമേ
നിന്നിലൂടെ ഞാൻ വീണ്ടും
ഗ്രാമപാതയിലെത്തിയപ്പോൾ
സോപാനങ്ങളിൽ
ഭൂമി എന്റെയുള്ളിൽ വീണ്ടും
തുടിയിട്ടുണർന്നു.

Tuesday, August 24, 2010

മഴതുള്ളികൾ

ഗോപുരമുകളിലെ ദീപസ്തംഭങ്ങൾ
മഴത്തുള്ളികളിലുലഞ്ഞ് കരിന്തിരി
കത്തിമങ്ങിയ സായംസന്ധ്യയുടെ
പടിവാതിലിൽ വന്ന്
സ്വാന്തനമോതിയ സാഗരമേ
കൽസ്തൂപങ്ങളിൽ
കവിതയുണരുന്നതും കണ്ട്
നീയെത്രയോ രാപ്പകലുകൾ
ഉറങ്ങാതെയിരുന്നു.
ചക്രവാളത്തിന്റെ മങ്ങിയ
വിതാനങ്ങളിൽ
മിന്നിമങ്ങിയ നക്ഷത്രങ്ങളുടെ
മിഴികളിലെ കെടാത്ത
തിളക്കവുമായ്
എന്നെ തേടി വന്ന ഭൂമീ
ഇന്നന്റെ ഹൃദ്സ്പന്ദനങ്ങളിൽ
നിന്റെ മഴതുള്ളികളുടെ
സംഗീതം, സ്വാന്തനസ്പർശം...
 സാഗരസ്പന്ദനങ്ങൾ

ഇടറി വീണ പകലിന്റെ
ഒരു തൂവലിൽ മഷി പടർത്തി
താളിയോലയിലെഴുതിയ
പഴമയുടെ ഇതൾചീന്തിൽ
മഴയുടെ സംഗീതമുണർന്നുവന്നു
അരികിൽ ഓടക്കുഴൽനാദമുണർന്ന
സന്ധ്യയിൽ എവിടെയൊ
മറഞ്ഞ അസ്തമയത്തിന്റെ
ആത്മകഥ തേടി തിരകളൊഴുകിയ
തീരമണലിൽ
കടലിന്റെ ഹൃദ്സ്പന്ദനങ്ങളുടെ
നേർത്ത മിടിപ്പു സൂക്ഷിക്കുന്ന
ശംഖു തേടി നടന്ന മനസ്സേ
മുത്തുചിപ്പികൾക്കുള്ളിലെ
കടൽ നിന്നിലുമുറങ്ങുന്നു...
വാടാമല്ലിപ്പൂവുകൾ









മഴതുള്ളികളെ
കൈയിലേറ്റി നടന്ന
പകൽക്കിനാവുകളിൽ
മഞ്ഞുതുള്ളിയുറങ്ങിയ
പുൽനാമ്പുകൾ തേടി
ഞാൻ നടന്ന വഴിയിൽ
കരിഞ്ഞുണങ്ങിയ
വേനൽത്തീരങ്ങളിലൂടെ
കാലമൊഴുകുന്നതു കണ്ട്
നിർനിമേഷം നിന്ന
ഒരു വാടാമല്ലിപ്പൂവിന്റെയരികിൽ
ഞാനന്റെ ചെറിയ ഭൂമിയെ കണ്ടു
പൂക്കുടന്നകളുടെയരികിൽ
അമ്മ തൂവിയെ സ്നേഹം
ചന്ദനക്കുളിർസ്പർശമായ്
ഹൃദയത്തിലൊഴുകുമ്പോൾ
മഴതുള്ളികളിൽ സ്വപ്നങ്ങൾ നെയ്യുന്ന
നെയ്യാമ്പൽപൂക്കളുമായ്
ഞാൻ വാക്കുകൾക്കുള്ളിലെ
ഭൂമിയെ തേടി....

Monday, August 23, 2010

മഴതുള്ളികൾ

അനേകമനേകം ജന്മങ്ങളുടെ
ദു:ഖസാഗരങ്ങളലയടിക്കുന്ന
ഭൂമീ, നീ കണ്ട ജീവിതത്തിന്റെ
പ്രതിബിംബങ്ങളിൽ
ഞാൻ കണ്ട മുഖപടങ്ങളിൽ
സത്യമുറഞ്ഞുപോയ ദിനാന്ത്യത്തിന്റെ
അനുസ്മരണങ്ങളിൽ
കാലം എഴുതി നീട്ടിയ
വാർത്താശകലങ്ങൾ പോലെ
പറന്നകന്ന കരിയിലകളിൽ
മരവിച്ച നിന്ന മനസ്സേ
കടലുണരുമ്പോൾ,
കടലോരങ്ങളിൽ
തൂവൽസ്പർശം പോലെ
ഉണർന്നു വരുന്ന മഴതുള്ളികളെ
കൈയിലേറ്റി കാലത്തോടൊപ്പം
നടന്നു നീങ്ങുക
ശാന്തിമന്ത്രത്തിലുണരുന്ന
പുലർകാലങ്ങളിൽ....
മഴതുള്ളികൾ

നനുത്ത പുൽനാമ്പുകളിൽ
മഞ്ഞുതുള്ളി പോലെ വീണുടയുന്ന
മഴതുള്ളികളെ തേടി നടന്ന
മനസ്സേ
മഴക്കാലങ്ങളുടെ വർഷമാരിയിൽ
വീണൊഴുകിയ വൃക്ഷശിഖരങ്ങളിൽ
നിന്നൂർന്നു വീണ ഇലചീന്തുകളിൽ
പെയ്തു തീർന്ന മഴയുടെ
കോപതാപങ്ങളുടെ
സ്പന്ദനമുണരുമ്പോൾ
ഞാനെഴുതിയ വാക്കിൽ
മൃദുലഭാവങ്ങൾ നഷ്ടമായ
പ്രഭാതങ്ങളിൽ
കടലേ തുടിയിടുക
ഹൃദ്സ്പന്ദനങ്ങളായ്
ഇടവേള

ഇടവേളയിലെ ഒരു നിമിഷത്തെ
കൈയിലേറ്റിയാഹ്ളാദിക്കുന്ന
ഇടവഴിയിൽ
മരവിച്ചു നിന്ന കാലം
നിഴലുകളുടെ യുദ്ധം കണ്ട്
നടന്നു നീങ്ങിയ
ഭൂമിയുടെയുള്ളിലെ തീയിലുരുകിയ
അഗ്നിപർവതങ്ങളൊഴുകുന്ന
വഴിയും കടന്ന്
മുന്നോട്ട് നീങ്ങുമ്പോൾ
വാക്കുകൾ തീജ്വാലകളായി മാറി
മഴ പെയ്ത കടലോരത്തിരുന്ന്
സ്വപ്നങ്ങൾ നെയ്ത കാറ്റിൽ
തിരയുലയുമ്പോൾ
ചക്രവാളത്തിനരികിൽ
സായാഹ്നം സ്വാന്തനത്തിന്റെ
കുളിരുമായി വന്നു.

Sunday, August 22, 2010

ശാന്തിപർവം

ദിനരാത്രങ്ങളിലൂടെ
വർഷങ്ങൾ
നടന്നുപോയ ഭൂമിയിൽ
മനസ്സിൽ തീയുമായ് നടന്ന
ആത്മാവിന്റെ
കണ്ണുനീർത്തുള്ളികൾ
സമുദ്രമായൊഴുകുമ്പോൾ
ഇന്നെല്ലാം
സമയോഗത്തിലവസാനിക്കുന്നു
തീയും, കനലും, നീർത്തുള്ളികളും.
സമുദ്രമലയടിക്കട്ടെ
ആകാശം അനന്തതയിലുറങ്ങട്ടെ
കനൽത്തീയിൽ
മഴയൊഴുകട്ടെ
എന്റെ മനസ്സേ
അശാന്തിയുടെ അപസ്വരങ്ങളിൽ
നിന്നും നീ മുന്നോട്ടു നടക്കുക
ശാന്തിപർവങ്ങളിൽ....
നക്ഷത്രവിളക്കുകൾ

ഇരുളുന്ന മുഖവുമായ്
പകൽ തുറന്നിട്ട
നാടകശാലയിലെ
ഛായാചിത്രങ്ങൾ
അഭിനയം തുടരുന്ന
വേദിക്കരികിൽ
മാഞ്ഞു മറയുന്ന
അന്തരാത്മാവിന്റെ
ഭാഷ തേടിപ്പോയ
കാലമേ നീയെവിടെ
ഒളിപ്പിച്ചു മനസ്സാക്ഷി.
വിൽപ്പനച്ചരക്കാക്കി
പണക്കിഴികളുടെ ഭാരവുമായ്
വഴിയരികിൽ
അന്തരാത്മാവിനെ
വിൽക്കുന്നവർ
അഭിനയിക്കുന്ന വേദിയിൽ
നിന്നു രക്ഷപെട്ട ഭൂമീ
നിന്റെ ചെറിയ ലോകത്തിൽ
ഞാനെന്റെ നക്ഷത്രവിളക്കുകൾ
തെളിയിക്കുന്നു..

Saturday, August 21, 2010

ഹൃദ്സ്പന്ദനങ്ങൾ

പൂക്കാലങ്ങളിൽ
ഇന്നൊരുക്കാനാവാത്ത
പൂക്കളങ്ങളിൽ
അമ്മ നടന്നു പോയ
ആകാശയാത്രാവഴികൾ
കണ്ടു നിൽക്കുമ്പോൾ
വഴിയിലെ മുൾച്ചടികളിലുരസി
കാൽവിരൽതുമ്പുകൾ മുറിഞ്ഞ്
വഴി മാറി നടന്ന
കാലം ഒരു ചെറിയ പല്ലക്കിൽ
കടൽത്തീരത്തിരുന്നെഴുതിയ
പോയ പൂക്കാലങ്ങളുടെ
കവിതയിൽ തുളസിപൂചൂടുന്ന
പ്രഭാതം തിരിയിട്ട ചുറ്റുവിളക്കിലുണരുന്ന
ഭൂമീ
അമ്മയെനിക്കായി തന്ന
ഹൃദ്സ്പന്ദനങ്ങളിൽ
നീയൊഴുകുക
പൂക്കാലങ്ങളുടെ ഓർമക്കുറിപ്പുമായ്
സാഗരസ്പന്ദനങ്ങൾ

അനന്തതയുടെ 
അവസാനിക്കാത്ത
ബിന്ദുവിനരികിൽ
മറ്റൊരു സ്വരമായുണർന്ന
പ്രഭാതമേ...
നിന്റെയുദ്യാനങ്ങളിൽ
പാരിജാതങ്ങൾ വിടരുമ്പോൾ
ദേവമനോഹരി പാടിയുണർന്ന
ആകാശമേ നീയെന്റെ
ഹൃദയസ്വരസ്ഥാനങ്ങളിൽ
പാടിയുണർത്തിയ
അനേകം ജന്യരാഗങ്ങളിൽ
കടൽ ശ്രുതിയിടുമ്പോൾ
കടലിന്റെയുള്ളിലെ
കടലായിയുണരുന്നു ഞാൻ .....
മഴതുള്ളികൾ

നിറങ്ങളെല്ലാമൊഴുകി
മാഞ്ഞ മഴതുള്ളികൾ
ഭൂമിയെ വലയം ചെയ്യുമ്പോൾ
ആകാശത്തിൽ മാഞ്ഞ പ്രകാശം
ഓട്ടുവിളക്കുകളിൽ
ഉണർന്നു വരുമ്പോൾ
വഴിയോരങ്ങളിൽ
നിഴൽപ്പാടുകൾ മാഞ്ഞ
നിശബ്ദതയിൽ
പൂത്തുലഞ്ഞ പവിഴമല്ലിപൂവുകൾ
കൈയിലേറ്റി നിന്ന പൂക്കാലം
നീട്ടിയ ഗ്രാമവീഥിയിൽ
എന്നെക്കാത്തിരുന്ന
നെയ്യാമ്പൽക്കുളങ്ങളിൽ
മുങ്ങിപ്പൊങ്ങിയ മഴതുള്ളികൾ
എന്റെയുള്ളിലെ ഹൃദ്സ്പന്ദനങ്ങളുടെ
താളമാകുമ്പോൾ ഗ്രാമം
പൂമുഖപ്പടിയിലിരുന്ന്
താളിയോലകളിൽ മറന്നു വച്ച
പഴമയുടെ ചെമ്പകപ്പൂക്കൾ
നിറഞ്ഞ കൽപ്പെട്ടികൾ തുറന്ന്
വാക്കുകൾ പുനർജനിച്ച
അമൃതവർഷിണിയുടെ
സ്വരങ്ങൾ പാടി.

Friday, August 20, 2010

വീണാഗാനം

ലോകത്തിന്റെ ശിരസ്സിൽ
വെൺതാമരപ്പൂവു പോൽ
വിടരുന്ന പ്രഭാതത്തിലെ
ആകാശമേ
നിന്നെക്കണ്ടത്രയോ കാലം
ഞാൻ മറന്നു
എന്റെ ജീവനിലൊഴുകിയ
പഞ്ചതന്മാത്രകൾ
വലിയ ചെറിയ ലോകത്തിന്റെ
ആരവങ്ങൾക്കരികിലൂടെ
നടന്നു നീങ്ങിയ ഭൂമിയുടെ
കാല്പ്പദങ്ങളിലെ പൂഴിമണൽ
ശിരസ്സിലേറ്റി സാഗരതീരങ്ങളിലിരുന്ന്
ഞാൻ കാണുന്ന
നക്ഷത്രങ്ങൾ വിരിയുന്ന
സായം സന്ധ്യയുടെ ആകാശമേ
നീയെനിക്കായി തന്ന
ചക്രവാളങ്ങളിൽ നീയുണർത്തുക
വെൺതാമരപൂവിതളുകളിലൂടെയൊഴുകുന്ന
വീണാഗാനം
ഹൃദ്സ്പന്ദനങ്ങൾ







അനന്തകാലത്തിന്റെ
ആദിമൗനങ്ങളിൽ
ചിറകറ്റു വീഴുന്ന ദിനരാത്രങ്ങളുടെ
അകത്തളങ്ങളിൽ
ചായം തേച്ച പുതിയ മുഖങ്ങളുടെ
അഭിനയം
വേദികളിലെ
പ്രകടനപരമ്പരയിൽ
നിന്നുയിർക്കൊള്ളുന്ന
പ്രവാചകരുടെ നാട്യശാലയിൽ
പ്രകീർത്തനങ്ങൾ പാടിനിൽക്കുന്ന
ഉപജാപകർ
ഇതൊക്കെ കണ്ടു ചലനം നിലക്കാത്ത
ഭൂമീ നീയേത് ഗ്രഹം?
ഉപഗ്രഹങ്ങളുടെ കൂട്ടായ്മയിൽ
നിന്നകലെ സാഗരങ്ങളുടെ
ശ്രുതിയുമായ് നിൽക്കുന്ന
നിന്റെ ശുദ്ധ സ്വരങ്ങളിൽ
ഞാനൊളിപ്പിക്കുന്നു
എന്റെ ഹൃദ്സ്പന്ദനങ്ങൾ...
മഴതുള്ളികൾ

ഒരിക്കലെങ്ങോ പാതയോരത്ത്
കാണാനിടയായ അപരിചിതമായ
ഒരു ലോകം കടന്നു പോയ
ഇടവേളയുടെ ഇടനാഴിയിൽ
തണുത്തുറഞ്ഞ ശൈത്യം
ചില്ലുകൂടാരങ്ങൾ പോലെ
ഉടഞ്ഞപ്പോൾ അതിനുള്ളിൽ
നിന്നൊഴുകിയ നീർച്ചാലുകൾ
അപരിചിതലോകത്തിന്റെ
മൂല്യനിർണയമെഴുതിയ
കത്തിയ വേനലിൽ വറ്റിവരണ്ടു
പനിനീർക്കുടങ്ങൾ ശിരസ്സിലേറ്റിയ
മഴത്തുള്ളികളിലുണർന്ന
പ്രകൃതിയുടെ പൂക്കാലത്തിൽ
അപരിചിതലോകം അന്യം നിന്ന
ഒരു അക്ഷരമായി മാഞ്ഞു
വേനൽപാടുകൾ

ഉണർവിന്റെ പല്ലവിയിൽ നിന്നും
വ്യതിചലിച്ച്
അപസ്വരങ്ങളുടെ അനുപല്ലവിയുമായ്
അരികിലെത്തിയലോസരപ്പെടുത്തുന്ന
സമുദ്രതിരകളേ
നിങ്ങൾക്കായ്
പാടാൻ എന്റെ കൈയിൽ
കല്പനസ്വരങ്ങളിന്നില്ല
വഴിയിലെ തണൽമരങ്ങൾ കരിഞ്ഞ
വേനൽപ്പാടുകളിൽ
നിഴൽ തേടി നടന്ന പഴയ
ഭൂമി ഇന്നു നിഴൽപ്പാടുകളില്ലാത്ത
ഒരു ചെറിയ ലോകത്തിന്റെ
മതിൽക്കെട്ടിനുള്ളിനുള്ളിലെ
നാലമ്പലത്തിൽ മൗനം മറന്ന
വാക്കായി മാറിയിരിക്കുന്നു
വെളിച്ചവുമായണയുന്ന
ഓട്ടുവിളക്കിൽ പ്രഭാപൂരിതമായ
ഒരു സന്ധ്യയരികിലിരുന്നെഴുതുന്ന
പുതിയ സ്വരമായ്
ഭൂമി യാത്രതുടരുന്നു..
ഹൃദ്സ്പന്ദനങ്ങൾ

ജ്ഞാനമുറങ്ങുന്ന
വിജ്ഞാനബിന്ദുക്കളിലെ
എഴുത്തുതാളുകളിൽ വികസിക്കുന്ന
കഥകളുടെ ആന്തരാർഥങ്ങളറിയുന്ന
യാദവബാല്യം എനിക്കായി
നീട്ടിയ മുളം തണ്ടിന്റെ ഓരോ
സുഷിരത്തിലും ഞാൻ കേൾക്കുന്ന
എന്റെ ഹൃദ്സ്പന്ദനങ്ങളിൽ
മഷിതുള്ളികളിലെ പാണ്ഡിത്യം
ആത്മാവിനെയറിയാത്ത
പുറമെയുള്ള ശരീരമെന്ന
കവചത്തെ സ്നേഹിച്ച
ഒരു ജീവൻ മാത്രം.
മഷിതുള്ളികളിലെ പാണ്ഡിത്യത്തെ
മറന്ന് ജ്ഞാനമൊഴുകിയ
പാനയിലെ ആത്മാർഥത
സ്നേഹിച്ച ആ ബാല്യമെന്റെ
ഹൃദയത്തിലെഴുതിയ വരികളിൽ
കല്പിതകഥയെഴുതുന്നവരുടെ
ദൈവമുണ്ടായിരുന്നില്ല
അവിടെ അന്തരാത്മാവിന്റെ
കറപുരളാത്ത ഭാഷയറിയുന്ന
ഓടക്കുഴൽനാദമായിരുന്നു...
പ്രതിധ്വനി







അതിർരേഖകളിലെ
ഉദ്വേഗങ്ങളിൽ വീണ
ആദ്യാക്ഷരങ്ങളിൽ
നിന്നുണർന്നെഴുന്നേറ്റ ഭൂമി
മുൾവേലികളിലൂടെ
അകത്തുകയറിയ
പലരുടെയും മുഖപടങ്ങൾ
കാർമേഘമാലകളിലൊഴുകി
മായുന്നത് കണ്ട്
വീണ്ടും മുന്നോട്ടു നീങ്ങിയപ്പോൾ
ചുറ്റും കന്മതിൽ പണിയുന്ന
രാത്രിയുണർന്നു വന്നുപറഞ്ഞ
സ്വകാര്യങ്ങളിൽ
നിസംഗതയുടെ
ഒരു സ്വരമുണർന്നുവന്നു
ആ സ്വരം തേടിയലഞ്ഞ
ഒരു രാപ്പാടി അന്നു പാടിയ
പാട്ടിൽ മുൾവേലികളിൽ
വീണു മുറിവേറ്റ ആത്മാക്കളുടെ
വിലാപരാഗത്തിന്റെ
പ്രതിധ്വനിയുണർന്നു...

Thursday, August 19, 2010

നക്ഷത്രവിളക്കുകൾ








അനശ്വരതയിൽ നിന്നും
പലവഴി പിരിഞ്ഞു വീണ്ടും
ശിവനിടിലത്തിലുറങ്ങിയ
അഗ്നിസ്ഫുലിംഗങ്ങളിൽ
നിന്നും പ്രകാശമുൾക്കൊണ്ട
നക്ഷത്രമിഴികളിൽ
അഗ്നി ഒരു വിളക്കായി മാറിയ
നിലാവുണർന്ന രാത്രിയിൽ
ആശ്രമപ്രാന്തങ്ങളിലെ
തെളിനീർക്കുളങ്ങളിൽ
തപസ്സിരുന്ന താമരമുകുളങ്ങൾ
ഇതളുകളിലൊളിപ്പിച്ച
സ്വപ്നങ്ങൾ കൈയിലേറ്റി നിന്ന
ആകാശമേ
ഇനിയുമരികിലിരുന്ന്
സാഗരങ്ങളെത്തിനിൽക്കുന്ന
നിന്റെ ചക്രവാളങ്ങളെ
നീയെനിക്കായി തുറന്നിടുക
നക്ഷത്രവിളക്കുകൾക്കരികിൽ
അഗ്നിയുടെ നനുത്ത നാളങ്ങളിൽ
വാക്കുകളുണരട്ടെ..