സാഗരസ്പന്ദനങ്ങൾ
ദേവമണ്ഡപങ്ങളിൽ നിന്നുണർന്ന
സുപ്രഭാതം കേട്ടുണരുന്ന
സാഗരമേ
നിന്നെ തേടി ഞാനെന്നും വരുന്ന
വഴിയിലെ മുൾക്കമ്പുകളിലുടക്കി
വിരൽതുമ്പുകളിലെ
മുറിവുകളിലൂടെയൊഴുകുന്നു ഹൃദ്രക്തം
മൗനങ്ങളുടെ മതിലുകളിൽ
വീണുടയാത്ത ഭൂമിയെന്റെയരികിൽ
ആ ചെറിയ ഭൂമിയെ
മഷിക്കുപ്പികളിലൊളിപ്പിക്കാൻ
പരിശ്രമിക്കുന്ന വിഷമവൃത്തങ്ങൾ
നടന്നു നീങ്ങുന്ന വഴിയിൽ
ചില്ലുജാലകങ്ങളുടഞ്ഞു പോയ
ഒരു മനസ്സിന്റെ മേഘഗർജനങ്ങൾ
എല്ലാവഴിയുമവസാനിക്കുന്ന
തീരങ്ങളിലുണരുന്ന സാഗരമേ
ആദിമമായ ശുദ്ധസ്വരങ്ങളിൽ
നീയെന്നെയുൾക്കൊള്ളുക
No comments:
Post a Comment