സാഗരസ്പന്ദനങ്ങൾ
ഭൂമിയുടെ മാറ്റമില്ലാത്ത
ഭ്രമണപഥത്തിനരികിലൂടെ
കൊടിതോരണങ്ങളുമായ്
സത്യഗ്രഹികൾ
കടന്നുപോകുമ്പോൾ
ആരവങ്ങളിൽ
മൗനം മറന്നുപോയ
മൺകുടങ്ങൾ വീണുടഞ്ഞ
നനുത്ത മണ്ണിൽ
മഴതുള്ളികളിലുണർന്ന
തുളസിപ്പൂവും കൈയിലേന്തി
വന്ന പ്രഭാതങ്ങളിൽ
സ്വപ്നാടനം കഴിഞ്ഞെത്തിയ
രാത്രി മറന്നു വച്ച
രാപ്പാടികളുടെ പാട്ടിന്റെയീണം
കവർന്നെടുത്ത നിലാവിന്റെയിതളുകൾ
മാഞ്ഞ ചക്രവാളത്തിനരികിൽ
വീണയുമായ് വന്ന സാഗരമേ
നീന്റെ തന്ത്രികളിൽ
എന്റെ ഹൃദയമുണരട്ടെ...
No comments:
Post a Comment