Sunday, August 29, 2010

 സൂത്രധാരൻ

സത്യം സത്യത്തിനകത്തുണർന്നാൽ
എന്റെ ഭൂമിയെഴുതും
നിന്നെ ഞാനറിഞ്ഞിരുന്നില്ല
വലയങ്ങളുടെ വലയത്തിൽ
നീ ജീവിക്കുമ്പോൾ നീ കരുതി
എന്റെ ഭൂമി നിന്നിലൂടെയുയരുമെന്ന്
നിന്നെയറിയാത്ത ഭൂമിയെങ്ങനെ
നിന്നെ പ്രദക്ഷിണവഴിൽ കാണും
നിന്റെയുപഗ്രങ്ങളെയറിയാൻ
എന്റെ ഭൂമി കുറെ തപസ്സിരുന്നു
ഒന്നൊന്നായി ഭൂപ്രദക്ഷിണം
ചെയ്ത മഷിതുള്ളികളിലൂടെ
അവരെയറിഞ്ഞ ഭൂമി
നീയെന്ന മഹാഗ്രഹവലയത്തെ
അറിയാൻ കുറെ വൈകി
നിനക്കു ചുറ്റും കാവൽ നിന്ന
ലോകഗോപുരങ്ങൾ
തകർന്നു വീണപ്പോൾ
ഭൂമിയറിഞ്ഞു
അതു നീയായിരുന്നുവെന്ന്
സൂത്രധാരൻ
ഉപഗ്രഹങ്ങളെ ഭൂമിയിലേയ്ക്കെയ്തവൻ
സത്യം സത്യത്തിനകത്തുണർന്നാൽ
എന്റെ ഭൂമി പറയും
നിന്നെ ഞാനറിഞ്ഞിരുന്നില്ല
നിന്നെയറിയാത്ത ഭൂമിയെങ്ങനെ
നീയെന്ന മഹാഗ്രഹത്തിലൂടെയുയരാൻ
ശ്രമിയ്ക്കും....
എങ്കിലും നീയെന്തിനതു
ചെയ്തുവെന്നീഭൂമിക്കിന്നറിയാം..

No comments:

Post a Comment