മഴതുള്ളികൾ
കനൽത്തീയുരുക്കിയ മദ്ധ്യാഹ്നത്തിന്റെ
തീക്കുണ്ഡങ്ങളിലൂടെ നടന്നു നീങ്ങിയ
ഭൂമീ,
വഴിയോരങ്ങളിലെ തണൽമരങ്ങൾ
വേനൽത്തീയിൽ
കരിഞ്ഞുണങ്ങിയിരിക്കുന്നു
ആറ്റുവക്കിലെ അരയാൽത്തറയിലിരുന്ന്
ചതുരംഗക്കളങ്ങളിൽ
മനുഷ്യജീവനെ
പണയപ്പെടുത്തിയാഹ്ളാദിച്ച
കുറെ വഴിപോക്കർ
കളിമതിയാക്കി യാത്രപിരിഞ്ഞുപോയി
പായ്നൗകകളിലൂടെ യാത്രചെയ്ത
സ്വപ്നങ്ങളുമായ് ഓളങ്ങളൊഴുകി
മഴയൊഴുകിയ
സായാഹ്നത്തിന്റെ സൗമ്യതയിൽ
തീക്കുണ്ഡങ്ങളിലെ തീയണഞ്ഞിരുന്നു
ഓട്ടുവിളക്കിലിത്തിരി
പ്രകാശവുമായ് വന്ന
അശോകപ്പൂക്കളുടെ നിറമുള്ള
സന്ധ്യ മാത്രം
ഭൂമിയുടെയരികിലിരുന്നു.
No comments:
Post a Comment