ഉണർത്തുപാട്ട്
താഴ്വാരങ്ങളിൽ
പ്രതിധ്വനിക്കുന്ന
വേണുഗാനത്തിലുണർന്ന
പ്രഭാതത്തിൽ
നനുത്ത മഞ്ഞിലുറങ്ങിയ
ദക്ഷിണായനസൂര്യനുമപ്പുറം
ആകാശത്തിൽ
അനന്തമായ ചക്രവാളത്തിന്റെ
സൗമ്യസ്പർശത്തിലുണരുന്ന
സാഗരമേ
നീയായിരുന്നു എന്റെ ആദ്യ കവിത
നീ സൂക്ഷിച്ച കടം കഥകളുടെ
സുവർണ്ണചെപ്പിൽ പൂവുപോലുണർന്ന
കാവ്യങ്ങൾ തേടി നടന്ന
എന്റെ ഭൂമിയുടെ സ്വപ്നമിഴിയിലേയ്ക്ക്
സമുദ്രമേ നീയലയടിച്ചുണർന്നു
മുത്തുചിപ്പികളിൽ നീയുറക്കിയ
വാക്കുകളിന്നൊഴുകുന്ന തീരത്ത്
ഞാനിരിക്കുന്നു
സാഗരമേ നീയുണരുക
ഉറങ്ങിയ ലോകത്തിന്റെ
ഉണർത്തുപാട്ടുമായ്.....
No comments:
Post a Comment