Saturday, August 21, 2010

മഴതുള്ളികൾ

നിറങ്ങളെല്ലാമൊഴുകി
മാഞ്ഞ മഴതുള്ളികൾ
ഭൂമിയെ വലയം ചെയ്യുമ്പോൾ
ആകാശത്തിൽ മാഞ്ഞ പ്രകാശം
ഓട്ടുവിളക്കുകളിൽ
ഉണർന്നു വരുമ്പോൾ
വഴിയോരങ്ങളിൽ
നിഴൽപ്പാടുകൾ മാഞ്ഞ
നിശബ്ദതയിൽ
പൂത്തുലഞ്ഞ പവിഴമല്ലിപൂവുകൾ
കൈയിലേറ്റി നിന്ന പൂക്കാലം
നീട്ടിയ ഗ്രാമവീഥിയിൽ
എന്നെക്കാത്തിരുന്ന
നെയ്യാമ്പൽക്കുളങ്ങളിൽ
മുങ്ങിപ്പൊങ്ങിയ മഴതുള്ളികൾ
എന്റെയുള്ളിലെ ഹൃദ്സ്പന്ദനങ്ങളുടെ
താളമാകുമ്പോൾ ഗ്രാമം
പൂമുഖപ്പടിയിലിരുന്ന്
താളിയോലകളിൽ മറന്നു വച്ച
പഴമയുടെ ചെമ്പകപ്പൂക്കൾ
നിറഞ്ഞ കൽപ്പെട്ടികൾ തുറന്ന്
വാക്കുകൾ പുനർജനിച്ച
അമൃതവർഷിണിയുടെ
സ്വരങ്ങൾ പാടി.

No comments:

Post a Comment