Monday, August 30, 2010

ചില്ലുപാത്രങ്ങളിൽ എന്റെ ചെറിയ
ഭൂമിയെ ഞാനൊളിപ്പിച്ചിരുന്നെങ്കിൽ
മഞ്ഞുപാളികൾക്കുള്ളിലതു
ഘനീഭവിക്കുന്ന നിമിഷങ്ങളിൽ
തണുത്തുറഞ്ഞ പ്രതലങ്ങളിൽ
രത്നകമ്പളം വിടർത്തിയിട്ട്
അതിനു മുകളിലൂടെ ഒന്നുമറിയാത്തപോൽ
തടാകക്കരയിൽ നിന്നുത്ഭവിച്ച
മൗനം നടന്നു നീങ്ങിയേനെ
ഉൽക്കടമായ അഗ്നിപർവതങ്ങൾ
എന്നിൽ പ്രവഹിച്ചിരുന്ന വേളയിൽ
തീഷ്ണമായ കനൽത്തീയിൽ
ഹൃദയം കത്തിയ ചിതയ്ക്കരികിൽ
പ്രഭാതങ്ങളിൽ മഞ്ഞുതുള്ളിയുടെ
നൈർമല്യവുമായ് വന്നിരുന്ന
ഒരു ഭൂമിയെ തണുത്തുറയാൻ
എന്റെ മനസ്സിനായില്ല
അഗ്നികുണ്ഡങ്ങളിലൂടെ
നടക്കുമ്പോൾ ആപൽഘട്ടങ്ങളുടെ
മുൻവിവരക്കുറിപ്പുകളിൽ കത്തിക്കരിഞ്ഞു
എന്റെ ഭൂമി വേറിട്ട ഒന്നായിരുന്നു
എനിയ്ക്ക് ചുറ്റുമുള്ള
സാഹചര്യമായിരുന്നില്ല ഞാൻ
എനിയ്ക്ക് ചുറ്റുമുള്ള
ലോകമായിരുന്നില്ല ഞാൻ
അതറിയുന്ന കൃഷ്ണവർണമുള്ള
ശിലയുടെയരികിൽ,
എന്നെ ചുറ്റിവരിഞ്ഞ വിലങ്ങിനരികിൽ
എന്റെ വീണക്കമ്പികളിൽ
നിന്റെ കൈ ഞാൻ കണ്ടു
അതിൽ നീയപസ്വരങ്ങളുണർത്തുന്നുവെന്നെനിക്ക് 
തോന്നിയ നിമിഷം
അതെടുത്തുമാറ്റണമെന്നെനിക്കു തോന്നി
മാറ്റുന്നതിനിടയിൽ താളതന്ത്രികൾമുറിഞ്ഞു
അതിലൊരു കടലുലഞ്ഞു പാടി
ആ പാട്ടിന്റെ സ്വരങ്ങളറിയാതെ
എനിക്കു ചുറ്റും
ഒരു ലോകമൊഴുകി നീങ്ങുമ്പോൾ
എന്റെ ചെറിയ ഭൂമി 
ആരവങ്ങൾക്കകലെ
മഴതുള്ളികൾ വീഴുന്ന
കടലിനരികിലായിരുന്നു.

No comments:

Post a Comment