സാഗരസ്പന്ദനങ്ങൾ
എന്റെ മുന്നിലൊഴുകുന്ന സമുദ്രമേ
നിന്നെ തേടി ഞാനെത്രയോ
കാലം തപസ്സു ചെയ്തു
തിരകളുലച്ച നിന്റെ തീരങ്ങളിൽ
കാൽപ്പാദങ്ങളിലെ മണലൊഴുകിയ
ആരവങ്ങളിൽ നിന്നകലെയായിരുന്നു
ഞാനും എന്റെയുള്ളിലെ
ചന്ദനസുഗന്ധം തേടിയ വാക്കുകളും
ആകാശത്തിനറ്റം തേടുന്ന സമുദ്രമേ
എന്റെ നൗകകളിൽ പൂക്കാലം
പൂക്കൾ നിറയ്ക്കുമ്പോൾ
ഞാൻ നിന്റെ തീരങ്ങളിൽ
മുത്തുചിപ്പികൾ തേടി നടന്നു
തിരകൾ തീരത്തിനേകിയ ശംഖിൽ
സാഗരമേ നിന്റെ സംഗീതം ഞാനറിഞ്ഞു
അകലെ സൂര്യാസ്തമയമായി
സന്ധ്യ വന്നെഴുതിയ കാവ്യങ്ങൾ
മാഞ്ഞുതുടങ്ങി
ചില്ലുകൂടുകളിൽ വെളിച്ചവുമായ്
നക്ഷത്രങ്ങൾ വരുമ്പോൾ
എന്റെയുള്ളിൽ ഞാൻ തേടുന്ന
സമുദ്രമേ നീയൊഴുകുക
കാവ്യാത്മകമായി
No comments:
Post a Comment