Saturday, August 28, 2010

കാന്തവലയങ്ങൾ

ചുറ്റുവലയങ്ങളിലെ
കാന്തികചിന്തുകളിൽ
ജീവന്റെ മന്ത്രവിളക്കുമായ്
വന്ന ഭൂമീ
നീയെനിക്കായേകിയ
ചെറിയ ലോകം
വിരൽതുമ്പിലൊതുങ്ങാതെ
വളർന്നു വലുതാകുന്നു
ഇരുമിഴിയിലുമൊതുക്കാനാവാതെ
വളരുന്ന കടൽ പോലെ
അകലെയെവിടെയോ
ശൂന്യാകാശപരീക്ഷണശാലകളിൽ
ഉറങ്ങാതെ ഭൂമിയുടെ ചലനപഥങ്ങൾ
തേടുന്ന യന്ത്രമിഴികളുടെയരികിൽ
പ്രകാശവേഗങ്ങളിൽ
എവിടെയാണു ഭൂമീ
നീ നിന്റെ കാന്തികചിന്തുകൾ
ഭദ്രമായ് വയ്ക്കുന്നത്
അകലെ ആകാശഗംഗയൊഴുകുന്ന
വഴിയിൽ,
നിന്റെ ഭ്രമണപഥത്തിൽ
എത്രയോ നാൾ ഞാൻ വന്നിരുന്നു
നീയെന്നെയന്ന് കാട്ടി
നിന്റെ കാന്തവലയങ്ങൾ
നക്ഷത്രങ്ങളെപ്പോൽ
മിഴിയിൽ തിളങ്ങിയ
പ്രകാശവലയങ്ങൾ

No comments:

Post a Comment