കാലമൊഴുകിയ വഴി
സമുദ്രതീരത്തു നിന്നുമുയർന്ന
ഒരു കുന്നിന്മുകളിലെ
ഉദ്യാനവാതിലുകളിലൂടെ
നടക്കുമ്പോൾ
മലനിരകളിലൂടെ വൃഷഭാവതി
ഒരു നേരിയ രേഖ പോലെയൊഴുകി
മായുമ്പോൾ
മഞ്ഞുതൂവി നിന്ന പ്രഭാതങ്ങൾ
ഒരിയ്ക്കലിവിടെയുണ്ടായിരുന്നു
നടന്നു പോകുന്ന വഴിയിൽ
മദ്ധ്യാഹ്നചൂടു മായ്ക്കുന്ന
തണൽമരങ്ങളിലൂടെ
നനുത്ത കാറ്റൊഴുകിയിരുന്നു
സായാഹ്നങ്ങൾ ശാന്തവും
സംഗീതാത്മകവുമായിരുന്നു
തടാകങ്ങൾക്കരികിലൂടെ
കറുത്ത പുകയിലോടുന്ന ഇത്രയേറെ
വാഹനങ്ങളന്നുണ്ടായിരുന്നില്ല
കാലമൊഴുകിയ വഴിയിലൂടെ
നടന്നുവന്ന പുതിയയുഗം
പലതും മാറ്റി
ഉദ്യാനങ്ങളിലെ പൂക്കൾ
കരിഞ്ഞു
പ്രഭാതങ്ങളിലെ
മഞ്ഞുതുള്ളികൾ മാഞ്ഞു
തണൽമരങ്ങൾക്കരികിലൂടെ
തിരക്കിട്ടോടുന്ന
ആൾക്കുട്ടത്തിനരികിലൂടെ
കാലം മാത്രം
ഒന്നും കാണാത്ത പോലെ
നടന്നു നീങ്ങി....
No comments:
Post a Comment