Wednesday, August 25, 2010

സാഗരസ്പന്ദനങ്ങൾ

അനന്തതയുടെ ഇതൾചീന്തുപോൽ
മുന്നിലുണരുന്ന കടൽത്തീരങ്ങളിൽ
മതിലുകളോ മുള്ളുവേലികളോ
പണിതുയുർത്തി വാക്കുകളെ
മായ്ക്കുന്ന ഒരു ഭൂമി
എന്റെയുള്ളിലില്ല
നിനക്ക് കടന്നുപോകാം കാലമേ
ചക്രവാളങ്ങളിലൂടെ
ആകാശഗോപുരവും കടന്നു
പോകുമ്പോൾ
വാക്കുകൾ ഭൂമിയുടെ നനുത്ത
മണ്ണിൽ ചെമ്പകതൈകൾ നടും
അശോകപ്പൂമരങ്ങളിലെ
പൂക്കളിൽ കവിത തേടും
വയൽവരമ്പിലൂടെ
കേതകിപൂക്കളിറുത്ത്
നടന്നുനീങ്ങും
പുലർകാലങ്ങളിൽ ശംഖുനാദം
കേട്ടുണരും
പനിനീർതൂവുന്ന മഴതുള്ളികളിൽ
പളുങ്കുമണികൾ പോലുണരുന്ന
സ്വപ്നങ്ങൾ മിഴിയിലൊളിപ്പിക്കും
സോപാനങ്ങളിലിരുന്ന്
അഷ്ടപദിയുടെ ആത്മാവിലെ
ഓടക്കുഴലിൽ
ഹൃദ്സ്പന്ദനങ്ങളൊളിപ്പിക്കും 
മഹാസമുദ്രങ്ങളുടെ അതിരുകളിലെ
ഉപഭൂഖണ്ഡത്തിലെ ഭൂമിയുടെ
പ്രദക്ഷിണവഴിയിലിരുന്ന്
നടന്നകലുന്ന പകലിന്റെ
കൽമണ്ഡപങ്ങളിരുന്ന്
ഘനരാഗങ്ങളുടെ സ്വരങ്ങൾ തേടും
കാലമേ നീ നടന്നകലുക
നിലക്കാത്തമഹാപ്രവാഹത്തിൽ
സാഗരങ്ങളുടെ മഹാധമിനികളിലൂടെ
ഭൂമീ നീയൊഴുകുക....

No comments:

Post a Comment