Saturday, August 7, 2010

ഭൂരാഗം



ദക്ഷിണായനത്തിലെ
കർക്കിടകസംക്രാന്തിയിൽ
കാർമേഘാവൃതമായ
ആകാശത്തിനരികിൽ
സ്വപ്നാടനത്തിലായിരുന്നു ഭൂമി
വഴിയോരക്കാഴ്ച്ചകളിൽ
അതിശൈത്യത്തിന്റെ
മഞ്ഞുമലകളുരുക്കിയ ഗ്രീഷ്മം
ഭൂമിയെ ഹേമവർണമാർന്ന
ഒരു ചെമ്പകപ്പൂവാക്കി മാറ്റി
കൽപ്പെട്ടിയിലെ പുരാണങ്ങളുടെ
നിറമാർന്ന കടലാസുകളിൽ
നിറയുന്ന ഉപാഖ്യാനങ്ങളിൽ
നിന്നകന്ന് മന്ദാരവൃക്ഷങ്ങളിൽ
വന്നിരുന്നു ഭൂരാഗം പാടുന്ന
പക്ഷിയുടെ ഹൃദ്സ്പന്ദനങ്ങളിൽ
ശ്രാവണം പൂക്കാലമായ് വിരിയുമ്പോൾ
ദക്ഷിണായനപ്രഭാതങ്ങളിൽ
ഭൂമി സ്വപ്നനക്ഷത്രമിഴികളിൽ
ഭൂപാളമായുണർന്നു.

No comments:

Post a Comment