ഹൃദ്സ്പന്ദനങ്ങൾ
ഭദ്രമായടച്ചു തഴുതിട്ട വാതിലുകളിൽ
വിള്ളലുണ്ടാക്കി വീണ്ടും വീണ്ടും
ഉള്ളിലേയ്ക്ക് വരുന്ന
ഉപഗ്രഹനേത്രങ്ങളുടെ
കുരിശ് ചുമന്ന് ഭൂമിയുടെ
വാതിലുകൾ തകർന്നിരിക്കുന്നു
ശൈത്യകാലത്തെ മൂടിയ
മഞ്ഞുതുള്ളികളും
വേനൽക്കാലത്തീയുമേറ്റ്
ഭൂമിയുടെയുള്ളിൽ
ജീവിച്ച ഒരാത്മാവിന്റെ
മുറിവുകളിൽ നിന്നൊഴുകിയ
ഹൃദ്രക്തം
നിന്റെ പുകമൂടിയ
കണ്ണിനു കാണാനാവില്ല
ഒരു കുരിശുമായ് നീ നടന്നു
നീങ്ങുമ്പോൾ
ഭൂമിയുടെ ശിരസ്സിലേയ്ക്ക്
നീയാഴ്ത്തിയിറക്കിയ
ആ മൂന്നാം നേത്രമരക്കുരിശുകൂടി
എടുത്തിട്ടു പോകുക
അതിന്റെ ഭാരമങ്ങനെ
ഭൂഹൃദയത്തിന്റെ സന്തുലിത
നഷ്ടപ്പെടുത്തുന്നു
എന്റെ ചെറിയ ഭൂമിയുടെ
വാതിൽപ്പടിയിൽനിന്ന്
നീയതും കൂടിയടർത്തിയെടുക്കണം
നിന്റെയുപഗ്രഹമിഴികൾ
അതുകഴിഞ്ഞാൽ പിന്നെ
നിന്റെ വഴികളിൽ
എന്റെ ഭൂമിയുണ്ടാവില്ല.....
No comments:
Post a Comment