അനന്തകാലത്തിന്റെ
ആദിമൗനങ്ങളിൽ
ചിറകറ്റു വീഴുന്ന ദിനരാത്രങ്ങളുടെ
അകത്തളങ്ങളിൽ
ചായം തേച്ച പുതിയ മുഖങ്ങളുടെ
അഭിനയം
വേദികളിലെ
പ്രകടനപരമ്പരയിൽ
നിന്നുയിർക്കൊള്ളുന്ന
പ്രവാചകരുടെ നാട്യശാലയിൽ
പ്രകീർത്തനങ്ങൾ പാടിനിൽക്കുന്ന
ഉപജാപകർ
ഇതൊക്കെ കണ്ടു ചലനം നിലക്കാത്ത
ഭൂമീ നീയേത് ഗ്രഹം?
ഉപഗ്രഹങ്ങളുടെ കൂട്ടായ്മയിൽ
നിന്നകലെ സാഗരങ്ങളുടെ
ശ്രുതിയുമായ് നിൽക്കുന്ന
നിന്റെ ശുദ്ധ സ്വരങ്ങളിൽ
ഞാനൊളിപ്പിക്കുന്നു
എന്റെ ഹൃദ്സ്പന്ദനങ്ങൾ...
No comments:
Post a Comment