Saturday, August 28, 2010

കടൽ

ആയിരത്തിരിയിലുണർന്ന
കാർത്തികദീപങ്ങൾ പോലെ
പ്രഭാതമുണർന്നപ്പോൾ
ഉണരാൻ വൈകിയ
കടൽത്തീരം ശൂന്യമായിരുന്നു
ദിക്കുകളുടെ ഒരറ്റത്തു നിന്നും
മറ്റേയറ്റം വരെ
ദിക്പാലകരുടെ
സംരക്ഷണയിലുറങ്ങിയ
ഭൂമിയെ ശരമെയ്തു
വീഴ്ത്താനൊരുങ്ങിയ സൈന്യങ്ങൾ
ആനതേർകാലാൾപടയുമായ്
തിരികെ പോയി
മനസ്സാക്ഷിയുടെ വാതിലടച്ചിട്ടുറങ്ങിയ
ആത്മാക്കൾ മരവിച്ച കോലങ്ങൾ പോലെ
എവിടെയോ മാഞ്ഞു
ചക്രവാളത്തിനരികിൽ
ഭൂമിയുണർന്നു വന്നപ്പോഴേയ്ക്കും
കടൽ പ്രശാന്തിയുടെ
ദിക്കുകളിലേയ്ക്കൊഴുകി

No comments:

Post a Comment