Thursday, August 26, 2010

മഴതുള്ളികൾ

പെയ്തൊഴിയുന്ന രാത്രിമഴയുടെ
സംഗീതത്തിലുണർന്ന മനസ്സേ!
കുളിർ തൂവിയൊഴുകുന്ന മഴതുള്ളികൾ
മൺകുടങ്ങളിൽ വീണുനിറയുമ്പോൾ
വൈദ്യുതിദിപങ്ങൾ മങ്ങിക്കത്തിയ
പാഥയോരങ്ങളിൽ
ഗ്രാമം ഓട്ടുവിളക്കിൽ തിരിയിട്ട്
മഴതുള്ളികളുടെ മൗനമുടഞ്ഞ
ചില്ലുജാലകങ്ങൾ തഴുതിട്ട്
ചന്ദനത്തിരിയുടെ സുഗന്ധമൊഴുകിയ
പൂജാമുറികളിലിരുന്നു
ദേവീ സഹസ്രനാമജപമുരുക്കഴിച്ചു
അറവാതിലിലെ വിളക്കിനരികിൽ
ആദിമധ്യാന്തങ്ങളുടെ
ഇടവേളയിൽ കുരുങ്ങിയ
നിമിഷങ്ങളെ രുദ്രാക്ഷചരടിലാവഹിച്ച്
വിഭൂതിയിൽ മുങ്ങിയ
വാക്കിലുണരുന്ന സ്വപ്നങ്ങളെ
ഓട്ടുവിളക്കിലെ പ്രകാശമാർഗത്തിലൂടെ
മനസ്സിന്റെയുള്ളിലൊളിപ്പിക്കുമ്പോൾ
മഴതുള്ളികൾ രാത്രിയുടെ
യാമങ്ങളിലൂടെയൊഴുകി..

No comments:

Post a Comment