Thursday, August 26, 2010

 അമൃതവർഷിണി

ശിവകോപത്തിലുണർന്ന
ഭൂതഗണങ്ങൾ
പിന്നിലൂടെ നടക്കുമ്പോഴും
അക്ഷയപാത്രത്തിൽ
എനിയ്ക്കായി
ഭൂമിയുടെ മൺതരികൾ
സൂക്ഷിച്ച ഓടക്കുഴൽനാദമേ
നിന്നെ തേടി കല്ലും മുള്ളും നിറഞ്ഞ
കുചേലങ്ങളിൽ എന്റെ മനസ്സിനെ
ഞാൻ നിനക്കായിയെഴുതിവച്ചു
നിന്റെ കാൽചിലമ്പിന്റെ നാദമായ്
കടലുകളുണരുമ്പോൾ
ചന്ദനസുഗന്ധമൊഴുകുന്ന
മണ്ഡപങ്ങളിലിരുന്ന്
ഹിന്ദോളത്തിന്റെ സ്വരങ്ങൾ പാടി
എന്റെ ഹൃദയം
എല്ലാ കടലുകളും ഒന്നാകുന്ന
ക്ഷീരസാഗരതീരങ്ങളിൽ
ത്രികൂടങ്ങൾക്കു മുകളിലൂടെ
ആകാശമാർഗവും കടന്ന്
സ്വപ്നങ്ങൾ തേടി ഞാൻ വരുമ്പോൾ
അക്ഷയപാത്രത്തിൽ അമൃതു തൂവുന്ന
വാക്കുകൾ നീയെനിയ്ക്കേകുക

No comments:

Post a Comment