Monday, August 30, 2010

മഞ്ഞുതുള്ളികൾ

ഒരിയ്ക്കൽ വാക്കുകളിൽ
പനിനീർതൂവി പുനർജനിയുടെ
മന്ത്രം പാടിയ ഒരാത്മാവെഴുതിയ
വാക്കിന്റെയുള്ളിലെ വാക്കിലുണർന്ന
ഭൂമീ
എവിടെയോ കൈവിട്ടു പോയ
ദിനങ്ങളുടെ സങ്കടങ്ങളിൽ
നിന്നുണരുന്ന വാക്കുകളുടെ
മരണപത്രമെഴുതുന്ന
അന്തരാത്മാവിനെ
വെള്ളിനാണയങ്ങളിൽ വിഭജിക്കുന്ന
കുന്തമുനതുമ്പുകളിൽ
വീണുടയാത്ത അക്ഷരങ്ങളുടെ
ഒരു ലോകം
നനുത്ത നിലാവു പോൽ
എന്നിലുണരുമ്പോൾ
ചരൽപ്പാതയ്ക്കരികിലുള്ള
ഒരു സിമന്റബഞ്ചിലിരുന്നു
പരിഭാഷയുടെ കലർപ്പുകലർന്ന
വരികളെഴുതി നീട്ടുന്ന
വൃക്ഷശിഖരങ്ങൾക്കരികിൽ
പുൽനാമ്പുകളിലെ മഞ്ഞുതുള്ളിയിൽ
വീഴുന്ന വാക്കുകൾ
നക്ഷത്രങ്ങളെപോൽ
മിന്നിത്തിളങ്ങുമ്പോൾ
നിറഞ്ഞ പൂക്കുടയുമായ് വസന്തം
വാക്കുകളിൽ പൂത്തുലയുമ്പോൾ
പരിവർത്തന ലോകഗോളത്തിലിരുന്ന്
ഇടുങ്ങിയ മനസ്സുമായ്
തൂലികതുമ്പിൽ വാക്കുകളെ
ചിതയിലൊതുക്കാനാവുമോ നിനക്ക്
കടലിന്റെയുള്ളിലെ
കടലും കടന്ന്
ചക്രവാളത്തിന്റെയരികിൽ
പൂത്തുലയുന്ന സഹസ്രദീപങ്ങളിൽ
ഒന്നെങ്കിലും നിനക്ക് കെടുത്താനാവുമോ
പരവതാനികളിലൂടെ നടക്കുമ്പോൾ
പുരാവൃത്തങ്ങൾ മറക്കുമ്പോൾ
വാക്കുകൾക്കായ് മരണപത്രമെഴുതി
സൂക്ഷിക്കുക
മഷിതുള്ളികളിൽ,
പരിവർത്തനലിപികളിൽ.
വാക്കുകളെ ഭൂമി
ഒരു കടൽചിപ്പിയ്ക്കുള്ളിൽ
ഒരു മഞ്ഞുതുള്ളിയായൊളിപ്പിക്കും
പുനർജനിയുടെ അമൃത്
ക്ഷീരസാഗരത്തിൽ
നിന്നുണർന്നു വരും വരെ

1 comment:

  1. നന്നായിരിക്കുന്നു!!
    ആശംസകള്‍!!

    ReplyDelete