Tuesday, August 31, 2010

നക്ഷത്രവിളക്കുകൾ

ഇരുളിനെയകറ്റാൻ
സന്ധ്യ പടിവാതിലിൽ
വിളക്ക് തെളിയിച്ചപ്പോൾ
വെളിച്ചമുറയുന്ന തിരി കെടുത്തി
പകലുറങ്ങി
കാലത്തിന്റെ ശംഖിൽ
നിമിഷങ്ങളൊഴുകി മായുമ്പോൾ
ആകാശത്തിനപ്പുറം
ലോകാലോകങ്ങൾക്കപ്പുറം
അനന്തകോടിജന്മങ്ങൾ
ജീവനിലൂടെ നടന്നുപോയ
ഭൂമിയ്ക്ക് ചുറ്റതിരുകളിടുന്നു
ചെറിയ ലോകം.
മിഴികളിൽ നിറയുന്ന
നക്ഷത്രവിളക്കിൽ
ഇരുട്ടകന്നു പോയി
പടിവാതിലിലെ ഓട്ടുവിളക്കിൽ
അന്നും പ്രകാശബിന്ദുക്കൾ
സ്വർണ്ണപൂക്കൾ പോലെ വിടർന്നു

No comments:

Post a Comment