അനശ്വരതയിൽ നിന്നും
പലവഴി പിരിഞ്ഞു വീണ്ടും
ശിവനിടിലത്തിലുറങ്ങിയ
അഗ്നിസ്ഫുലിംഗങ്ങളിൽ
നിന്നും പ്രകാശമുൾക്കൊണ്ട
നക്ഷത്രമിഴികളിൽ
അഗ്നി ഒരു വിളക്കായി മാറിയ
നിലാവുണർന്ന രാത്രിയിൽ
ആശ്രമപ്രാന്തങ്ങളിലെ
തെളിനീർക്കുളങ്ങളിൽ
തപസ്സിരുന്ന താമരമുകുളങ്ങൾ
ഇതളുകളിലൊളിപ്പിച്ച
സ്വപ്നങ്ങൾ കൈയിലേറ്റി നിന്ന
ആകാശമേ
ഇനിയുമരികിലിരുന്ന്
സാഗരങ്ങളെത്തിനിൽക്കുന്ന
നിന്റെ ചക്രവാളങ്ങളെ
നീയെനിക്കായി തുറന്നിടുക
നക്ഷത്രവിളക്കുകൾക്കരികിൽ
അഗ്നിയുടെ നനുത്ത നാളങ്ങളിൽ
വാക്കുകളുണരട്ടെ..
No comments:
Post a Comment