ഹൃദ്സ്പന്ദനങ്ങൾ
തിരകളൊഴുക്കിയ മണൽത്തരികളിൽ
എന്നെ സ്നേഹിച്ച ഞാൻ സ്നേഹിച്ച
കവിതയൊഴുകുന്നഎന്റെ മനസ്സിനെ
ഒഴുക്കിക്കളയാനാവില്ല
അതറിയുന്ന കടലിനരികിൽ
ഇരമ്പിപ്പോയ തീവണ്ടികളുടെ
ആരവങ്ങളിൽ മായാത്ത
ഭൂമിയുടെ ഹൃദ്സ്പന്ദനങ്ങൾ
എന്റെയുള്ളിലുണരുമ്പോൾ
എവിടെയോ വഴിതെറ്റിയോടുന്ന
മനുഷ്യജന്മങ്ങളുടെ നിസ്സാരപ്പെട്ട
മനോവ്യാപാരങ്ങളിൽ
നിന്നെത്രെയോ അകലെയാണു
വാക്കുകൾ സ്വപ്നം കാണുന്ന ലോകം
അവിടെ ഇരുണ്ട ഉലകളിൽ
പുകയൂതിയിരിക്കുന്ന കാർമേഘങ്ങളുണ്ടാവില്ല
നിലവറകൾ പോലെ ഇടുങ്ങിയ മനസ്സിൽ
കറുപ്പു സൂക്ഷിക്കുന്ന മനുഷ്യജന്മങ്ങളുണ്ടാവില്ല
ശരത്ക്കാലഭംഗിയിൽ നക്ഷത്രങ്ങൾ
വിടരുന്ന ആകാശത്തിനരികിൽ
നിലാവുണരുന്ന കടൽത്തീരത്തിനരികിൽ
സ്വപ്നചെപ്പുകൾ തുറന്നു
കവിതയുണരുന്ന ലോകം
അവിടെയാണു വാക്കുകൾ
ശംഖിനുള്ളിലെ കടലിന്റെ
സംഗീതമായ്, ഹൃദ്സ്പന്ദനമായ്
പുനർജനിക്കുന്നത്
No comments:
Post a Comment