മഴയൊഴുകുമ്പോഴും
ഹൃദയത്തിലെ വിരൂപതയെഴുതി
നീട്ടുന്നവരുടെ പരിവർത്തനങ്ങളുടെ
ഭാഷാകാവ്യങ്ങളിൽ എഴുതുവാൻ
ഭൂമിയുടെ തൂവൽതൂലിക മടിക്കുന്നു
എഴുതാപ്പുറങ്ങളിൽ
പരിഭാഷകളെഴുതി
എത്രയോ ദിനരാത്രങ്ങൾ
ഉറങ്ങാതിരുന്ന ഒരു പുഴയുടെ
ആന്ദോളനങ്ങളിൽ
ഉറങ്ങിപ്പോയ കിളിക്കൂടിൽ
നിന്നുണർന്നു വന്ന
കിളി പാടിയ പാട്ടിൽ
പഴമയുടെ നൂലലുക്കുകളുണർന്നതിൽ
അതിശയപ്പെടാത്ത ഭൂമി
താറുമാറാക്കപ്പെട്ട കടൽത്തീരത്തിരുന്ന്
ഇന്നും എഴുതുന്നു
താഴവാരങ്ങളിൽ നിന്നുണരുന്ന
ഓടക്കുഴൽ
ഹൃദ്സ്പന്ദനത്തിൽ നിറയുന്ന
പുലർകാലങ്ങളിൽ..
No comments:
Post a Comment