ശിലാഫലകങ്ങൾ
ചരിത്രമെഴുതിയുറക്കിയ
ശിലാഫലകങ്ങളിലെ
അക്ഷരങ്ങളിൽ വീണുടഞ്ഞ
ഒരു തരി ഭൂമി
വാക്കുകളായുണർന്നപ്പോൾ
മൗനം വാതിലുകൾ പൂട്ടി
പർവതഗുഹകളിൽ മറഞ്ഞു
ചിറകുകളിൽ സ്വപ്നനൂലുകൾ
നെയ്ത കാറ്റിൻതുമ്പിൽ
കസവിട്ട ഗ്രാമം
ധ്യാനനിരതമായ പ്രഭാതത്തിൽ
ചരിത്രങ്ങളുടെ താളിയോലകളിൽ
എഴുതാൻ മറന്ന
ഒരു കഥയുമായ്
ആൽത്തറയിലിരുന്നപ്പോൾ
ആൾക്കൂട്ടം കലാപങ്ങളുടെ പതാകകളുമായ്
നഗരപ്രദിക്ഷണമാരംഭിച്ചു
കഥയിലെ നിസ്സംഗതയിൽ
കണ്ണുനീർതുള്ളികൾ തേടി
കാലം മതിൽക്കെട്ടിനുള്ളിൽ തപസ്സിരുന്നു.
No comments:
Post a Comment