സാഗരസ്പന്ദനങ്ങൾ
അപരിമേയമായ കാലത്തിന്റെ
തുടിയിലെ ഒരു മാത്രയെപ്പോലും
കൈയിലെടുത്തു സൂക്ഷിക്കാനാവാത്ത
നിസ്സഹായതയിൽ പോലും
മനുഷ്യമനസ്സുകൾ കാട്ടിക്കൂട്ടുന്ന
വിഭ്രമങ്ങൾ കണ്ടൊഴുകുന്ന സമുദ്രമേ
നിന്നെ കാണുമ്പോൾ ഞാനറിയുന്നു
ഉൾക്കടലിനെ
ഉൾക്കടലിന്റെയുള്ളിലുറങ്ങുന്ന
നിന്റെ രഹസ്യചെപ്പുകളെ
രാപ്പകലുകളെ കൈയിലൊതുക്കി
സൂക്ഷിക്കാനാവാത്ത
വാരാന്ത്യങ്ങളുടെ എഴുത്തുതാളുകളിൽ
മാഞ്ഞില്ലാതെയാകുന്ന
അർഥശൂന്യതയിൽ
കടലേ നീയൊഴുകുക
നിലയ്ക്കാത്ത കാലത്തിന്റെ
മഹാപ്രവാഹമായ്...
No comments:
Post a Comment