Friday, August 27, 2010

കടൽ

ചിലനേരങ്ങളിൽ
അങ്ങനെയാണു തോന്നുക
ഭൂചലനങ്ങളിലെന്നെ പോലെ
വിണ്ടുകീറുന്ന ഭൂമി
തീയുണർത്തുന്ന
അഗ്നിപർവതഗുഹകൾ
പിന്നീടുണരുന്ന പ്രഭാതങ്ങളിൽ
ഇതൊന്നുമുണ്ടാവില്ല
ചിലനേരങ്ങളിലങ്ങനെയാണു
 ഭൂമി
ശിവനേത്രം പോലെ
വിഭൂതിയിൽ മുങ്ങിയ അഗ്നി
കടലും അങ്ങനെ തന്നെ
കരയെല്ലാമൊതുക്കി മുന്നേറും
ഉൾക്കടലിനെയറിയാത്തവർ
തീരങ്ങളിലുപേക്ഷിക്കുന്ന
കുപ്പിച്ചില്ലുകളും, മുള്ളുകളും
തിരകൾ കൈയേറും
കടലിന്റെയുള്ളിന്റെയുള്ളിൽ
സ്വപ്നങ്ങൾ കാവ്യഭാവമായുറങ്ങുന്നു
ഉടഞ്ഞ കുപ്പിചില്ലുകളിൽ
മുറിവേൽക്കാത്ത സ്വപ്നങ്ങൾ
ചില നേരങ്ങളിൽ
അങ്ങനെയാണു തോന്നുക
കാലം ഒരു തൂവൽസ്പർശമായ്
കൈവിരൽതുമ്പിലുണരുന്ന
പ്രഭാതങ്ങളിൽ
ചില്ലുജാലകങ്ങൾ തുറന്ന്
കടലനരികിലുണരുന്ന ഭൂമി
ചില നേരങ്ങളിൽ
ചില നേരങ്ങളിൽ അശാന്തിയുടെ
അസ്വസ്ഥതകളുടെ വിലങ്ങഴിക്കാൻ
കടലുണർന്നുവരും...

1 comment:

  1. ചില നേരങ്ങളിലങ്ങനെയാണ്
    ശയ്യയില്‍ കൊത്തിയൊരുക്കിയ
    ശ്ലഷ്ണശിലാ ശില്പമായ് ഭൂമി
    ചാഞ്ഞു ചരിഞ്ഞു കിടക്കും

    ReplyDelete